മുംബൈ-വിമാനതാവളങ്ങളും തുറമുഖങ്ങളും അടക്കം ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ നടത്തുന്ന അദാനിയുടെ കമ്പനിയിൽ ചൈനീസ് പൗരൻ എങ്ങിനെയാണ് നിക്ഷേപം നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം ചോദിച്ചത്. വിദേശ പൗരന്മാർ എന്തിന് അദാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. ഇന്ത്യയുടെ താല്പര്യം എന്ന് പറയുമ്പോൾ ചൈനീസ് പൗരൻ ഇതിലെങ്ങനെ വന്നു. ഇതിൽ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ പങ്ക് എന്താണെന്നും രാഹുൽ ചോദിച്ചു. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇവിടെ എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബിയുടെ റിപ്പോർട്ടിനെതിരെയും രാഹുൽ രംഗത്തെത്തി. 'ഇത് ആരുടെ പണമാണ്? ഇത് അദാനിയുടെയോ മറ്റാരുടെയോ? ഇതിന് പിന്നിലെ സൂത്രധാരൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ്. മറ്റ് രണ്ട് പേർ ഉൾപ്പെട്ടിട്ടുണ്ട്. ഈ പണത്തട്ടിപ്പിൽ ഒരാൾ നാസിർ അലി ഷബാൻ അഹ്‌ലി എന്നയാളും മറ്റൊരാൾ ചാങ് ചുങ് ലിംഗ് എന്ന ചൈനീസ് പൗരനുമാണ്. ഇതിനെതിരെ അന്വേഷണം ഉണ്ടായിരുന്നു. എന്നാൽ സെബി അദാനിക്ക് ക്ലീൻ ചിറ്റ് നൽകി. അത് നൽകിയ ഉദ്യോഗസ്ഥൻ അദാനിയുടെ കീഴിലുള്ള എൻ.ഡി.ടി.വിയുടെ ഡയറക്ടർ ബോർഡ് അംഗമായി നിയമിതനായി. ജി 20 നേതാക്കൾ ഇവിടെ വരുന്നതിന് തൊട്ടുമുമ്പ്, പ്രധാനമന്ത്രിയോട് അടുപ്പമുള്ള ഒരു മാന്യന്റെ ഉടമസ്ഥതയിലുള്ള ഈ പ്രത്യേക കമ്പനി എന്താണെന്നും ഇന്ത്യ പോലുള്ള സമ്പദ്‌വ്യവസ്ഥയിൽ ഈ മാന്യൻ എന്താണെന്നും അവർ ചോദിക്കുമെന്നും രാഹുൽ പറഞ്ഞു.
അദാനി സ്വന്തം കമ്പനികളിൽ തന്നെ രഹസ്യമായി നിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആർ.പി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വിവിധ രാജ്യങ്ങളിൽ ശാഖകളുള്ള കൂട്ടായ്മയാണ് ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട്. നിഴൽ കമ്പനികൾ വഴി അദാനി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് റിപ്പോർട്ടിലെ ആരോപണം. ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേർ വഴി വിദേശത്തെ നിഴൽ കമ്പനികളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളിൽ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു. ഡി.ആർ.ഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.VIDEO | "This matter is related to India's reputation. The PM should announce a JPC probe into the matter," says Congress MP @RahulGandhi on OCCRP's allegations against Adani Group. pic.twitter.com/3Wh1w8fzOm
— Press Trust of India (@PTI_News) August 31, 2023