മുംബൈ- രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി മോഡി വ്യക്തമായി വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മുംബൈയിൽ ഇന്ത്യ മുന്നണി യോഗത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. അദാനി ഗ്രൂപ്പിനെതിരെ ശക്തമായ എതിർപ്പ് ഉയർത്തിയ രാഹുൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്ത് എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് മോഡി കൃത്യമായ വിശദീകരണം നൽകണം. ഇക്കാര്യത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അദാനി വിഷയം ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി പരിഭ്രാന്തരാകുകയാണ്. അദാനി വിഷയം മോഡിയുമായി വളരെ അടുത്ത് ഇടപഴകുന്ന കാര്യങ്ങളാണ്. നിങ്ങൾ അദാനി വിഷയം ഉന്നയിക്കുമ്പോഴെല്ലാം അദ്ദേഹം വളരെ അസ്വസ്ഥനാകുമെന്നും രാഹുൽ ആവർത്തിച്ചു. എന്താണ് മോഡിയും അദാനിയും തമ്മിലുള്ള ബന്ധമെന്നും രാഹുൽ ചോദിച്ചു. അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികളിൽ രഹസ്യമായി നിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ദി ഗാർഡിയൻ വാർത്താ റിപ്പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം. അദാനി ഗ്രൂപ്പിനെ 'മോദി ലിങ്ക്ഡ്' എന്നാണ് റിപ്പോർട്ട് വിശേഷിപ്പിച്ചത്.