Sorry, you need to enable JavaScript to visit this website.

'ആ പേരുപോലെ ജയിച്ച സൂര്യൻ'; ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് നടൻ ജോയ് മാത്യു

കോഴിക്കോട് - നടൻ ജയസൂര്യയെ പ്രശംസിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഇക്കൊല്ലത്തെ തിരുവോണ സൂര്യൻ ജയസൂര്യയാണെന്ന് അദ്ദേഹം എഫ്.ബിയിൽ കുറിച്ചു. 
 ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ച് വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്നും കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേര് പോലെ ജയിച്ച സൂര്യനായി. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടതെന്ന ശരിയായ തീരുമാനം പ്രവൃത്തിയിൽ കൊണ്ടുവന്ന ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. 
 തിരുവോണ നാളിൽ കർഷകർക്ക് പട്ടിണി സമരം നടത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും കാർഷിക ഉൽപന്നങ്ങൾക്ക് യഥാസമയം പണം നൽകണമെന്നും വിഷം കലർത്താത്ത പച്ചക്കറി ലഭ്യമാക്കണമെന്നും വ്യവസായ-കൃഷി മന്ത്രിമാരുടെ സാന്നിധ്യത്തിൽ ജയസൂര്യ കായംകുളത്ത് പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.
 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തിരുവോണസൂര്യൻ

മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കി തൊഴുതു താണുവണങ്ങി നിൽക്കുന്ന കലാസാഹിത്യകാരാണെങ്ങും.
ഇപ്പോഴും രാജവാഴ്ചയാണെന്നും
തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!

Latest News