ന്യൂയോർക്ക്- അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലുടനീളമുള്ള പള്ളികളിൽ വെള്ളിയാഴ്ചകളിലും വിശുദ്ധ റമദാൻ മാസത്തിലും ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കാൻ അനുമതി. മുസ്ലിം സമൂഹത്തിന്റെ അഭ്യർഥന പ്രകാരമാണ് നടപടി.
നഗരത്തിലെ മേയർ എറിക് ആഡംസ് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. വളരെക്കാലമായി ഉയരുന്ന ആവശ്യമാണിതെന്നും വെള്ളിയാഴ്ചകളിലും റമദാൻ സമയത്തും അനുമതിയില്ലാതെ തന്നെ ഉച്ചഭാഷണി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് സിറ്റിയിൽ തങ്ങളുടെ വിശ്വാസത്തിൽ ജീവിക്കാൻ മുസ്ലീം സഹോദരീസഹോദരന്മാർക്ക് അവകാശമുണ്ട്. നിയമപ്രകാരം തുല്യ പരിഗണനയ്ക്ക് അർഹതയുണ്ട്. ഞങ്ങളുടെ നഗരം ഇസ്ലാമിക സംസ്കാരവും എല്ലാ സംസ്കാരങ്ങളും ആഘോഷിക്കുന്നുവെന്നും മേയർ പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12:30 നും 1:30 നും ഇടയിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാന് നഗരത്തിലെ പള്ളികളെ പുതിയ നിർദ്ദേശങ്ങൾ അനുവദിക്കും. വിശുദ്ധ റമദാനിൽ ഉച്ചഭാഷണിയിലൂടെ മഗ് രിബ് ബാങ്ക് വിളിക്കാനാണ് അനുമതി. നേരത്തെ മിനിയാപൊളിസ് ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾ സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു.