ന്യൂദല്‍ഹി- ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരിലുള്ള അഴിമതിയില്‍ സി. ബി. ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃതമായി ആനുകൂല്യം തട്ടിയെടുത്ത 830 സ്ഥാപനങ്ങള്‍, നടത്തിപ്പുകാര്‍, നോഡല്‍ ഓഫിസര്‍മാര്‍, ക്രമക്കേടിനു കൂട്ടുനിന്ന ബാങ്ക് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രവര്‍ത്തനം നിലച്ചതോ വ്യാജമോ ആയ സ്ഥാപനങ്ങള്‍ വഴി 144 കോടി രൂപയാണ് തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയത്. ന്യൂനപക്ഷ മന്ത്രാലയമാണു സി. ബി. ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖകളുടെ ഉപയോഗം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ക്ക് കീഴിലുള്ള ഫണ്ടുകളുടെ തട്ടിപ്പിനെക്കുറിച്ച് ലഭിച്ച വിവിധ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് മൂന്നാംകക്ഷി മൂല്യനിര്‍ണയം നടത്താന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിനെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 65 ലക്ഷം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു വ്യത്യസ്ത പദ്ധതികളിലായി ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ടെന്ന് ന്യൂനപക്ഷ മന്ത്രാലയം പറയുന്നു.