മക്ക - ഈ വർഷത്തെ ഹജിന് പുണ്യസ്ഥലങ്ങളിൽ പാചക വാതക ഉപയോഗത്തിനുള്ള വിലക്ക് തുടരുന്നതിനുള്ള മുഴുവൻ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉത്തരവിട്ടു. തീർഥാടകരുടെ തമ്പുകളിൽ മാത്രമല്ല, പുണ്യസ്ഥലങ്ങളിലെ കെട്ടിടങ്ങളിലും സർക്കാർ വകുപ്പ് ക്യാമ്പുകളിലും പാചക വാതകം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വിലക്ക് തീരുമാനം കർശനമായി നടപ്പാക്കാനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
മുഴുവൻ സുരക്ഷാ വകുപ്പുകളുമായും സഹകരിച്ച് വിലക്ക് ശക്തമായി നടപ്പാക്കുമെന്ന് സിവിൽ ഡിഫൻസ് മേധാവി ജനറൽ സുലൈമാൻ അൽഅംറ് പറഞ്ഞു. പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്ത് നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. പാചക വാതക സിലിണ്ടറുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുതിനും സിലിണ്ടറുകൾ പിടിച്ചെടുത്ത് നിയമ ലംഘകർക്ക് പിഴ ചുമത്തുതിനും പുണ്യസ്ഥലങ്ങളിലെ തമ്പുകളിൽ സിവിൽ ഡിഫൻസ് ശക്തമായ പരിശോധനകൾ നടത്തും. മുൻ വർഷങ്ങളിൽ പുണ്യസ്ഥലങ്ങളിൽ തമ്പുകളിലും തീർഥാടകരുടെ താമസ സ്ഥലങ്ങളിലും പാചക വാതകം വിലക്കിയതിലൂടെ അഗ്നിബാധകൾക്ക് ഫലപ്രദമായി തടയിടുന്നതിന് സാധിച്ചു. തീർഥാടകരുട സുരക്ഷ മുൻനിർത്തിയാണ് പുണ്യസ്ഥലങ്ങളിൽ പാചക വാതകം വിലക്കുന്നതെന്നും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.