Sorry, you need to enable JavaScript to visit this website.

മായാവതി ബി.ജെ.പിക്കൊപ്പമെന്ന് സംശയം- പവാര്‍, നിഷ്പക്ഷമെന്ന് ബി.എസ്.പി

ന്യൂദല്‍ഹി- ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി ആര്‍ക്കൊപ്പമാണ് എന്നത് വ്യക്തമല്ലെന്നും അവര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് നില്‍ക്കുന്നുവെന്ന ഊഹാപോഹങ്ങളുണ്ടെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.
നാളെ മുംബൈയില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) പ്രധാന യോഗത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍, സ്വയം നിഷ്പക്ഷത പ്രഖ്യാപിച്ച മായാവതിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മായാവതി ആര്‍ക്കൊപ്പമാണ് എന്ന ചോദ്യമുണ്ട്. അവര്‍ ബി.ജെ.പിക്കൊപ്പമാണെന്ന് ഊഹാപോഹങ്ങളുണ്ട്. അത് ശരിയാണെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ അതിനെക്കുറിച്ച് വ്യക്തത വേണം- എന്‍.സി.പി അധ്യക്ഷന്‍ പ്രതികരിച്ചു.
ഇന്ത്യയുമായോ എന്‍.ഡി.എയുമായോ ഉള്ള സഖ്യം മായാവതി തള്ളിയ ദിവസം തന്നെയാണ് പവാറിന്റെ പരാമര്‍ശം. തന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ വിസമ്മതിക്കുമ്പോള്‍ പ്രതിപക്ഷം ബി.ജെ.പിയുമായി കൂട്ടുകൂടിയതായി ആരോപിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ദരിദ്ര വിരുദ്ധ, ജാതീയ, വര്‍ഗീയ, മുതലാളിത്ത നയങ്ങളുള്ള പാര്‍ട്ടികളാണ് ഇരു കൂട്ടുകെട്ടുകളും കൂടുതലായും ഉള്‍ക്കൊള്ളുന്നതെന്ന് ബി.എസ്.പി അധ്യക്ഷ എക്‌സില്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഈ നയങ്ങള്‍ക്കെതിരായാണ് പോരാടുന്നത്.

'2007ലെപ്പോലെ ബി.എസ്.പി, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും ബിഎസ്പി അധ്യക്ഷ പറഞ്ഞു.

 

Latest News