ഗുരുഗ്രാം- ഹരിയാനയിലെ ഗുരുഗ്രാമില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ മുസ്‌ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രചാരണം. സെക്ടര്‍ 69 എയിലെ ചേരിയിലെ താമസക്കാരെ ഭീഷണിപ്പെടുത്തി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചേരിയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്.
മുസ്‌ലിം സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള പോസ്റ്ററുകളും ഉണ്ട്. അയല്‍പ്രദേശമായ നുഹ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഗുരുഗ്രാം ഗ്രാമത്തിലെ കടകള്‍ക്ക് നേരത്തെ തീവെച്ചിരുന്നു.
'ചേരി നിവാസികളേ... നിങ്ങള്‍ രണ്ട് ദിവസത്തിനകം വീടൊഴിഞ്ഞ് പോകണം... അല്ലാത്തപക്ഷം നിങ്ങള്‍ക്ക് മോശമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു ഞായറാഴ്ച രാത്രി പതിച്ച പോസ്റ്റര്‍.
ലോക്കല്‍ പോലീസ് പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും കേസെടുക്കുകയും ചെയ്തു, പക്ഷേ സമൂഹത്തില്‍ പരിഭ്രാന്തിയും ഭയവും പടര്‍ന്നിരിക്കുകയാണ്. 'ഞങ്ങള്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും വിഷയം അന്വേഷിക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ പറഞ്ഞു. ചേരികള്‍ 'നിയമവിരുദ്ധമാണ്' എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉത്തരവാദികളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.