കൽപറ്റ -കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 ലെ ബന്ദിപ്പൂർ വനപ്രദേശത്ത് തുടരുന്ന രാത്രിയാത്ര വിലക്കു നീങ്ങുന്നതിനു ഉതകുന്ന റിപ്പോർട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന വയനാടൻ ജനതയുടെ പ്രതീക്ഷ അസ്ഥാനത്തായി. ദേശീയ പാതയിൽ ബന്ദിപ്പൂർ കടുവാസങ്കേതം പരിധിയിൽ രാത്രിയാത്രയ്ക്കുള്ള നിയന്ത്രണം ഇപ്പോഴുള്ളതുപോലെ തുടരണമെന്നാണ് വിദഗ്ധ സമിതി സുപ്രീം കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ. സമിതിക്കു വേണ്ടി നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റി ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സഞ്ജയ് കുമാർ തയാറാക്കിയതാണ് റിപ്പോർട്ട്.
കേന്ദ്ര സർക്കാരിന്റെയും കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ദേശീയ ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി ചെയർമാനായ സമിതി. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്കു വന്ന ജനുവരി പത്തിനു സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് രൂപീകരിച്ചതാണ് വിദഗ്ധ സമിതി. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി നിർദേശം. രാത്രിയാത്ര നിരോധന വിഷയത്തിൽ ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കോടതി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയിലെ കേരള സർക്കാർ പ്രതിനിധി. ദൽഹി, തിരുവനന്തപുരം, ബംഗളൂരു, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ സിറ്റിംഗ് നടത്തിയ വിദഗ്ധ സമിതി ഫീൽഡ് വിസിറ്റും നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
ദേശീയ പാതയിലെ ബന്ദിപ്പൂർ കടുവ സങ്കേതം പരിധിയിൽ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയിൽ ഗതാഗതം നിരോധിച്ച് കർണാടക ഹൈക്കോടതി 2010 മാർച്ച് ഒമ്പതിനാണ് ഉത്തരവായത്. കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാതയ്ക്കു പുറമേ ഊട്ടി-ഗുണ്ടിൽപേട്ട ദേശീയ പാതയിലും ബന്ദിപ്പൂർ വനഭാഗത്ത് രാത്രിയാത്ര വിലക്ക് ബാധകമാണ്.
കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ സമർപ്പിച്ച സ്‌പെഷൽ ലീപ് പെറ്റിഷനാണ് സുപ്രീം കോടതിയിലുള്ളത്. ദേശീയ പാതയിൽ വാഹന ഗതാഗതത്തിനു നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും നിരോധന സമയം ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നൽകിയ ഹരജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കോഴിക്കോട്-കൊല്ലേഗൽ, ഊട്ടി-ഗുണ്ടിൽപേട്ട പാതകളിൽ ബന്ദിപ്പൂർ കടുവാ സങ്കേതം പരിധിയിൽ രാത്രികാല വാഹന ഗതാഗതത്തിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ. ബന്ദിപ്പൂർ വനപ്രദേശത്തെ രാത്രികാല വാഹന ഗതാഗതവുമായി കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികൾ പൊരുത്തപ്പെട്ടുവെന്നും ഇവയുടെ ദീർഘകാല സംരക്ഷണത്തിനു ഗതാഗത നിയന്ത്രണം ആവശ്യമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ദേശീയ പാതകളിൽ കടുവ സങ്കേതം പരിധിയിൽ രാത്രകാലങ്ങളിൽ വന്യജീവികൾ വാഹനങ്ങൾ തട്ടി ചാകുന്നതു ഒഴിവാക്കുന്നതിനു ടൈഗർ കൺസർവേഷൻ ആക്ഷൻ പ്ലാനിലെ മാർഗനിർദേശങ്ങൾക്കുസരിച്ചാണ് കർണാടക രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തിയതെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയ പാത 766 ന്റെ അതേ നിലവാരമുള്ളതാണ് കർണാടക പകരം നിർദേശിക്കുന്ന ഹുൻസൂർ-ഗോണിക്കുപ്പ-കുട്ട-വയനാട് റോഡെന്നും റിപ്പോർട്ടിലുണ്ട്.
രാത്രിയാത്രാ വിലക്കു മൂലം യാത്രക്കാർ അനുഭവിക്കുന്ന വിഷമതകൾ ഒഴിവാക്കുന്നതിനു ഉതകതുന്ന നിർദേശങ്ങൾ ബന്ദിപ്പൂരിൽ നടത്തിയ സിറ്റിംഗിൽ വിദഗ്ധ സമിതി മുമ്പാകെ സി.കെ. ശശീന്ദ്രൻ എം.എൽ.എ, അന്നത്തെ വയനാട് ജില്ലാ കലക്ടർ ഡോ.എസ്. സുഹാസ്, ബത്തേരി നഗരസഭ മുൻ ചെയർമാൻ സി.കെ. സഹദേവൻ, ജനതാദൾ-എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ജോയി, ബത്തേരിയിലെ പൊതുപ്രവർത്തകൻ പി.വൈ. മത്തായി തുടങ്ങിയവർ സമർപ്പിച്ചിരുന്നു. സമിതിയംഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് ബന്ദിപ്പൂരിൽനിന്നു തിരിച്ചെത്തിയ എം.എൽ.എയും മറ്റും മാധ്യമ പ്രവർത്തകരെ അറിയിച്ചത്. എന്നാൽ നിർദേശങ്ങൾ വിദഗ്ധ സമിതി കണക്കിലെടുത്തില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.