ന്യൂഡൽഹി - എൻ.ഡി.എയുമായോ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുമായോ സഖ്യത്തിനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മേധാവിയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞു. 2024-ൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
എൻ.ഡി.എയും ഇന്ത്യ സഖ്യവും ദരിദ്ര വിരുദ്ധ, ജാതി, വർഗീയ, ബിസിനസ് അനുകൂല, മുതലാളിത്ത നയങ്ങളുള്ള പാർട്ടികളാണെന്ന് മായാവതി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത്തരം നയങ്ങൾക്കെതിരെ ബി.എസ്.പി നിരന്തരം കലഹത്തിലാണ്. അതിനാൽ ഇവരുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം പോലും പ്രസക്തമല്ല. എതിരാളികളുടെ കുതന്ത്രങ്ങൾക്കതീതമായി ബി.എസ്.പി, 2007-ൽ ദശലക്ഷക്കണക്കിന് പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളെ പരസ്പര സാഹോദര്യത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിപ്പിച്ച് സഖ്യമുണ്ടാക്കിയ അതേ രീതിയിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും മത്സരിക്കും. ബി.എസ്.പിയുമായി സഖ്യത്തിന് എല്ലാവർക്കും താത്പര്യമുണ്ട്. എന്നാൽ തങ്ങൾക്കതില്ല. തങ്ങൾ ബി.ജെ.പിയുമായി കൈകോർക്കുമെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷവുമായി യോജിച്ചാൽ സെക്യുലർ എന്നും യോജിച്ചില്ലെങ്കിൽ ബി.ജെ.പി അനുകൂലികൾ എന്ന നിലയിലുമാണ് പ്രചാരണമെന്നും മായാവതി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പ്രശംസിച്ചതിന് സഹറൻപൂരിലെ ബി.എസ്.പിയുടെ മുൻ എം.എൽ.എ ഇമ്രാൻ മസൂദിനെ പാർട്ടി പുറത്താക്കിയതിനെയും അവർ ന്യായീകരിച്ചു. കോൺഗ്രസിനെയും പാർട്ടിയുടെ ഉന്നത നേതാക്കളെയും പുകഴ്ത്തുന്നവരെ പൊതുജനങ്ങൾക്ക് എങ്ങനെയാണ് വിശ്വസിക്കാനാവുകയെന്നാണ് മായാവതിയുടെ ചോദ്യം.