പട്ന- ഇന്‍സ്റ്റഗ്രാമില്‍ ഭാര്യാസഹോദരിക്കൊപ്പമുള്ള ഫോട്ടോ കണ്ടതിന് പിന്നാലെ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലാണ് സംഭവം. വിപുല്‍(19) എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികളായ സാജന്‍ കുമാര്‍, ശങ്കര്‍ പസ്വാന്‍, വിക്കി കുമാര്‍, മുഹമ്മദ് സാജിദ്, പവന്‍ മണ്ഡല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 27നായിരുന്നു സംഭവം. തന്റെ ഭാര്യാ സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പ്രതി സാജന്‍ സുഹൃത്തായ വിപുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് വകവയ്ക്കാതെ വിപുല്‍ യുവതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ കൊല്ലാന്‍ സാജന്‍ പദ്ധതിയിടുകയായിരുന്നു. ഒരു പാര്‍ട്ടിയുണ്ടെന്ന പേരില്‍ മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ വിപുലിനെ വിളിച്ചുവരുത്തി. ശേഷം മദ്യലഹരിയിലായിരുന്ന വിപുലിനെ സാജന്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തോക്ക് പോലീസ് കണ്ടെടുത്തു. യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സാജന്‍ വിപുലിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും മുന്‍ഗര്‍ പോലീസ് അറിയിച്ചു.