മാനന്തവാടി-പേര്യ വട്ടോളിയില്‍ വാറ്റുകേന്ദ്രത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 40 ലിറ്റര്‍ ചാരായവും 1,200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തു. കോഴിക്കോട് പേരാമ്പ്ര എടവരാട്ട് നടുപ്പറമ്പില്‍ മുഹമ്മദ്(40), ഇടുക്കി ഉടുമ്പന്‍ചോല ചേറ്റുകുഴി വേണാട്ടുമാലില്‍ അനീഷ്(44), കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം പോതാട്ടില്‍ അജിത്ത്(33), തളിപ്പറമ്പ് ശ്രീകണ്ഠപുരം കോട്ടൂര്‍വയല്‍ പുരയിടത്തില്‍ മാത്യു ചെറിയാന്‍(33) എന്നിവരാണ് അറസ്റ്റിലായത്.
പേരാവൂര്‍ കൃപ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍നിന്നാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. സ്ഥലത്തുണ്ടായിരുന്ന റ്റാറ്റ മാജിക് ഐറിസിലാണ് (വെള്ളിമുങ്ങ) ചാരായം ഉണ്ടായിരുന്നത്. ട്രസ്റ്റിന്‍െ ഉടമസ്ഥതയിലുള്ളതാണ് വാഹനം. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.സി.പ്രജീഷ്, ടി.ജി.പ്രിന്‍സ്, കെ.ഹാഷിം, സെല്‍മ കെ.ജോസ് എന്നിവരങ്ങുന്ന സംഘമാണ് ഫാമില്‍ പരിശോധന നടത്തിയത്.
35 ലിറ്ററിന്റെ രണ്ടു കന്നാസുകളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. 200 ലിറ്റര്‍ ശേഷിയുള്ള ആറ് ബാരലുകളിലായിരുന്നു വാഷ്. ഗ്യാസ് സിലിണ്ടര്‍, ഒറ്റ ബര്‍ണറുള്ള വലിയ ഗ്യാസ് അടുപ്പ്, 250 വാഷ് വാറ്റാന്‍ പാകത്തിലുള്ള തകര ബാരല്‍, 40 ലിറ്റര്‍ ശേഷിയുള്ള അലൂമിനിയം ചരുവം, ഒരു വശത്ത് സുഷിരമുണ്ടാക്കി പൈപ്പ് ഘടിപ്പിച്ചതും മിനിട്ടില്‍ അര ലിറ്റര്‍ ചാരായം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ പരന്ന സ്റ്റീല്‍ പാത്രം എന്നിവ പിടിച്ചെടുത്ത വാറ്റുപകരണങ്ങളുടെ പട്ടികയില്‍പ്പെടും. വാഹനവും കസ്റ്റഡിയിലെടുത്തു.