Sorry, you need to enable JavaScript to visit this website.

'ബസ് നിർത്തിയത് നമസ്‌കരിക്കാനല്ല'; നിർണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത കണ്ടക്ടറുടെ കുടുംബം

ബറേലി (യു.പി) - രണ്ട് യാത്രക്കാർക്ക് നമസ്‌കരിക്കാൻ ബസ് നിർത്തിക്കൊടുത്തുവെന്ന ആരോപണത്തിന് പിന്നാലെ യു.പി ട്രാൻസ്‌പോർട്ട് കോർപറേഷൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കണ്ടക്ടറെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി കുടുംബം രംഗത്ത്. 
 ബസ് നിർത്തിയത് നമസ്‌കരിക്കാനായിരുന്നില്ലെന്നും കണ്ടക്ടർ മോഹിത്ത് യാദവി(32)ന് ശുചിമുറിയിൽ പോകാനായിരുന്നുവെന്നും ഈ സമയത്ത് രണ്ടുപേർ നമസ്‌കരിക്കുകയായിരുന്നുവെന്നും സഹോദരൻ രോഹിത് പറഞ്ഞു. യാത്രക്കാരിൽ ഒരാൾ ഈ ദൃശ്യം മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ ഇട്ടതിനെ തുടർന്ന് തെറ്റിദ്ധരിച്ചാണ് ജൂൺ അഞ്ചിന് കണ്ടക്ടറെയും ഡ്രൈവറെയും യു.പി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്നും കുടുംബം വ്യക്തമാക്കി. 
 കണ്ടക്ടറായിരുന്ന മോഹിത്തിന്റെ മരണത്തിന്റെ ഉത്തരവാദി യു.പി.എസ്.ആർ.ടി.സി ബറേലി റീജണൽ മാനേജരായ ദീപക് ചൗധരിയാണെന്നും സഹോദരൻ രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ജോലി നഷ്ടമായതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രയാസത്തിലും വിഷാദത്തിലുമായിരുന്നു മോഹിത് യാദവെന്ന് അച്ഛൻ രാജേന്ദ്ര സിങ് പറഞ്ഞു. യാത്രക്കാർ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അവനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് അവനോട് വീട്ടിൽ പശുക്കളെയും എരുമകളെയും വളർത്താൻ താൻ പറഞ്ഞിരുന്നതായി മോഹിത്തിന്റെ പിതാവ് സങ്കടത്തോടെ പറഞ്ഞു. ഭർത്താവിന്റെ മരണത്തിനുത്തരവാദി റീജണൽ മാനേജരായ ദീപക് ചൗധരിയാണെന്നും അയാൾക്കെതിരെ നടപടിയെടുക്കണമെന്നും മോഹിത്തിന്റെ വിധവ റിങ്കി പറഞ്ഞു. ജോലി തിരികെ ലഭിക്കുന്നതിന് ദീപക് ചൗധരിയെ കാണാൻ മോഹിത് അവസരം ചോദിച്ചെങ്കിലും നിരസിക്കുകയായിരുന്നു. നിരാശനായ മോഹിത് നേരത്തെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടാൻ ശ്രമിച്ചിരുന്നു. അന്ന് ഞാൻ ഇടപെട്ടാണ് രക്ഷിച്ചതെന്നും റിങ്കി പറഞ്ഞു.
  ജോലി പോയതോടെ ഫോൺ റീചാർജ് ചെയ്യാൻ പോലും പണമില്ലായിരുന്നുവെന്ന് മരണത്തിന് തൊട്ടുമുമ്പ് മോഹിത് പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. എട്ടു വർഷത്തിലേറെയായി യു.പി.എസ്.ആർ.ടി.സിയിൽ കരാർ ജീവനക്കാരനായിരുന്ന മെയിൻപുരിയിലെ നഗ്ല ഖുഷാലി സ്വദേശിയായ മോഹിതിനെ കഴിഞ്ഞദിവസമാണ് വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Latest News