ഫോട്ടോഷൂട്ട് വിവാദമായി, ഇറ്റാലിയന്‍  ഫോട്ടോഗ്രാഫര്‍ മാപ്പ് പറഞ്ഞു 

ഇന്ത്യയെ പട്ടിണി രാജ്യമാക്കി ചിത്രീകരിച്ച് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടര്‍ന്ന് പ്രശസ്ത ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ അലെസിയോ മാമോ മാപ്പപേക്ഷയുമായി രംഗത്ത്. രാജ്യത്ത് പട്ടിണിയുണ്ടെന്ന് സ്ഥാപിക്കാന്‍ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തില്‍ ഭക്ഷണത്തിന് മുന്നില്‍ കണ്ണടച്ച് ഇരിക്കുന്ന ഗ്രാമീണരുടെ ചിത്രങ്ങളാണ് മാമോ പകര്‍ത്തിയത്. ഡ്രീമിംഗ് ഫുഡ് എന്ന തലക്കെട്ടില്‍ ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു.ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇന്ത്യാക്കാരെയും ദാരിദ്ര്യം അനുഭവിക്കുന്നവരെയും അപമാനിക്കുന്ന രീതിയിലാണ് ചിത്രങ്ങളെന്നായിരുന്നു ആക്ഷേപം. സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രതിഷേധവുമായി എത്തി. ചിത്രങ്ങള്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് മാപ്പപേക്ഷയുമായി ഫോട്ടോഗ്രാഫര്‍ രംഗത്തെത്തിയത്. 
താന്‍ ചിത്രീകരിച്ച ആളുകള്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്നവരാണെന്നും അവര്‍ക്ക് മതിയായ ഭക്ഷണവും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫോട്ടോഷൂട്ടില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ പങ്കെടുത്തത്. വിശേഷ അവസരങ്ങളില്‍ ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നും അദ്ദേഹം തന്റെ വിശദീകരണത്തില്‍ വ്യക്തമാക്കി.


 

Latest News