ശ്രീനഗര്‍- ദളിത് ആയതിന്റെ പേരില്‍ ജമ്മു കശ്മീര്‍ ഭരണകൂടം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് തവണ സ്ഥലംമാറ്റപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും ആരോപിച്ചു. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഗുജറാത്തില്‍നിന്നുള്ള 1992ലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് പാര്‍മര്‍, ജല്‍ശക്തി വകുപ്പിലെ വന്‍ ക്രമക്കേടുകള്‍ വെളിച്ചത്തുകൊണ്ടുവന്ന ശേഷം ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ പീഡനവും ഭീഷണിയും നേരിടുകയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷനില്‍ പരാതി നല്‍കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചിട്ടുണ്ട്. ഭരണകൂടം തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് പാര്‍മര്‍ ഭയപ്പെടുന്നു. രണ്ട് ഉന്നതതല യോഗങ്ങളില്‍നിന്ന് തന്നെ പുറത്താക്കിയെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അപമാനിച്ചെന്നും കത്തില്‍ പാര്‍മര്‍ ആരോപിക്കുന്നു.