Sorry, you need to enable JavaScript to visit this website.

'ഇന്ത്യ' സഖ്യത്തിൽ അപ്രതീക്ഷിത നീക്കവുമായി നിതീഷ്‌കുമാർ

പറ്റ്‌ന / ന്യൂഡൽഹി - നരേന്ദ്ര മോഡി സർക്കാറിന്റെ എൻ.ഡി.എക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) സഖ്യത്തിന്റെ കൺവീനർ സ്ഥാനത്തേക്ക് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കുമാർ എത്തില്ലെന്ന് സൂചന.
 സഖ്യത്തിലെ ചില പാർട്ടികളും നേതാക്കളും കൺവീനർ സ്ഥാനത്തേക്ക് നിതീഷ് കുമാർ എത്തണമെന്ന ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചെങ്കിലും അപ്രതീക്ഷിതമായി ജെ.ഡി.യു കൺവീനർ സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയർത്തിയിരിക്കുകയാണ്. തനിക്ക് സ്ഥാനങ്ങൾ വേണ്ടെന്നും താൻ കൺവീനർ സ്ഥാനത്തേക്കില്ലെന്നും പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് ഒരു മതനിരപേക്ഷ സർക്കാറാണ് തന്റെ ലക്ഷ്യമെന്നുമാണ് നിതീഷ്‌കുമാറും ജെ.ഡി.യു ക്യാമ്പും പറയുന്നത്.
 പകരം കോൺഗ്രസ് പ്രസിഡന്റോ അദ്ദേഹത്തിന് പറ്റില്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന കോൺഗ്രസിൽനിന്നുള്ള മറ്റാരെങ്കിലും കൺവീനർ സ്ഥാനത്തേക്ക് വരണമെന്നാണ് ജെ.ഡി.യു ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്. 
 കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗന്ധി ചെയർപേഴ്‌സണും ജെ.ഡി.യു നേതാവ് നിതീഷ്‌കുമാർ കൺവീനറുമായി സഖ്യം രൂപപ്പെടണമെന്നാണ് പ്രതിപക്ഷ പാർട്ടികളിലെ പൊതുവെയുള്ള വികാരം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള വിവിധ കക്ഷി നേതാക്കളുടെ നേതൃത്വത്തിലുള്ള ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് സഖ്യത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാമെന്ന ആലോചനയ്ക്കിടെയാണ് ജെ.ഡി.യുവിന്റെ പുതിയ കരുനീക്കങ്ങൾ. പറ്റ്‌ന, ബെംഗ്ലൂർ യോഗങ്ങൾക്കുശേഷം വ്യാഴാഴ്ച മുംബൈയിലാണ് സഖ്യത്തിന്റെ മൂന്നാമത് ദ്വിദിന യോഗം. സഖ്യത്തിന്റെ ലോഗോ, സീറ്റ് വീതം വെപ്പ്, പുതിയ പാർട്ടികളുടെ രംഗപ്രവേശം അടക്കമുള്ള മുന്നണിയുമായി ബന്ധപ്പെട്ട വളരെ നിർണായകമായ വിഷയങ്ങളിൽ യോഗത്തിൽ ചർച്ചയും ധാരണയും ഉണ്ടാക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Latest News