ലക്‌നൗ- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചതിന് ബി.എസ്.പി നേതാവ് ഇമ്രാൻ മസൂദിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടി അധ്യക്ഷ മായാവതിയാണ് മസൂദിനെ പുറത്താക്കിയത്. രാഹുൽ ഗാന്ധിയെ പ്രശംസിച്ചതു കൂടാതെ, ഡോ. ബി.ആർ.അംബേദ്കറിന്റെ മാർഗത്തിൽനിന്നും മായാവതി വ്യതിചലിച്ചെന്നും ഇത് ബി.എസ്പ.ിയുടെ പതനത്തിന് ഇടയാക്കിയെന്നും ഇമ്രാൻ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം യു.പി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കോൺഗ്രസ് എം.എൽ.എയും എ.ഐ.സി.സി സെക്രട്ടറിയുമായിരുന്ന ഇമ്രാൻ മസൂദ് ബി.എസ്.പിയിൽ ചേർന്നത്. പടിഞ്ഞാറൻ യുപിയിലെ സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് ഇമ്രാൻ മസൂദ്.
ജനങ്ങൾക്കു വേണ്ടി ഭയമില്ലാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവാണ് രാഹുൽ ഗാന്ധി എന്നായിരുന്നു ഇമ്രാൻ മസൂദ് പറഞ്ഞത്. ഇതിന് പിന്നാലെ രാഹുലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.