ലഖ്നോ - യു.പിയിൽ രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാൻ ബസ് നിർത്തിക്കൊടുത്തതിന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട യു.പി സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ മോഹിത് യാദവി(32)നെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയാണ് കണ്ടക്ടറെ കാണാതായത്. തുടർന്നുള്ള തിരിച്ചിലിൽ തിങ്കളാഴ്ച റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ എട്ടു വർഷത്തോളമായി മോഹിത് യാദവ് യു.പി.ആർ.ടി.സിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. യുപിയിലെ ഗിരോറിലെ നഗഌഖുഷാലി ഗ്രാമത്തിൽ ജീവിച്ച യുവാവ് ജോലി നഷ്ടപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. 'ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ പോലും പണമില്ലെന്ന് പറഞ്ഞ് അവൻ ഞായറാഴ്ച രാത്രി എന്നെ വിളിച്ചതായി ഒരു സുഹൃത്ത് പറഞ്ഞു. കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും അവനില്ലായിരുന്നു. യു.പി.ആർ.ടി.സിയുടെ ബറേലി റീജ്യണൽ മാനേജർ ദീപക് ചൗധരിയുടെ നിലപാട് മൂലം അവൻ വലിയ വിഷാദത്തിലായിരുന്നുവെന്ന് മോഹിതിന്റെ മറ്റൊരു സുഹൃത്ത് പ്രതികരിച്ചു.
അതിനിടെ, ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മോഹിത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി ബസ് അഞ്ച് മിനിറ്റ് നിർത്തിയതിന് ജൂൺ അഞ്ചിനാണ് ഡ്രൈവർ കെ.പി സിങ്ങിനൊപ്പം കണ്ടക്ടറായ മോഹിത് യാദവിനെയും സസ്പെൻഡ് ചെയ്തത്.