ന്യൂദൽഹി- ഝാർഖണ്ഡിലെ ധൻബാദ് മേഖലയിൽ തനിക്ക് സല്യൂട്ട് ചെയ്യാത്തതിന് കോൺഗ്രസ് നേതാവിന്റെ മകൻ കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ചു. കോൺഗ്രസ് നേതാവ് രൺവിജയ് സിംഗിന്റെ മകൻ രൺവീർ സിംഗാണ് പതിനേഴ് വയുസുള്ള ആൺകുട്ടിയെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. പിസ്റ്റളും വടിയും മുൾപടർപ്പും ഉപയോഗിച്ച് ആൺകുട്ടിയെ ആക്രമിക്കുകയും ചെയ്തു. രൺവീർ സിങ്ങിനും കൂട്ടാളികൾക്കും എതിരെ മർദ്ദനമേറ്റ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. കാറിൽ വെച്ചും മർദ്ദനം തുടർന്നതായും പിതാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ അഞ്ചു പേർ ചേർന്ന് കൗമാരക്കാരനെ മർദ്ദിക്കുന്നത് കാണാം. ഇരയുടെ മുഖം കാണാൻ കഴിയില്ല. എന്തുകൊണ്ടാണ് നീ എന്നെ സല്യൂട്ട് ചെയ്യാത്തത് എന്ന് ചോദിച്ചായിരുന്നു മർദ്ദനം.
അതേ വീഡിയോയിൽ, ഡൽഹി പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ആകാശ് ചന്ദേലിന്റെ വാക്കുകളും കേൾക്കാം. താൻ ട്യൂഷൻ ക്ലാസ് പൂർത്തിയാക്കി പട്ടണത്തിലെ കൊയ്ല നഗർ ഏരിയയിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിന് പുറത്ത് നിൽക്കുകയായിരുന്നു. ഞങ്ങൾക്ക് മുന്നിലൂടെ രൺവീർ സിംഗിന്റെ കാറുകൾ ഓടിച്ചുപോയി. ആറ് ഏഴ് കാറുകളുണ്ടായിരുന്നു. കാറിന്റെ നമ്പർ 0027 ആയിരുന്നു. 20-25 ആളുകൾ പുറത്തിറങ്ങി എന്നെ പിടികൂടി, 'എന്തുകൊണ്ട് നിങ്ങൾ സല്യൂട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ഞങ്ങൾ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ചു. അതോടെ അവർ ഞങ്ങളെ അടിക്കാൻ തുടങ്ങി. ആളുകൾ തന്നെ ബലമായി ഒരു കാറിൽ കയറ്റി അടുത്തുള്ള ചായക്കടയിലേക്ക് കൊണ്ടുപോയി, അവിടെ അവർ തന്നെ മർദിക്കുകയായിരുന്നു. 'ചായക്കടയിൽ വച്ച് അംഗരക്ഷകരിൽ ഒരാൾ എന്നെ പിടിച്ച് രൺവീർ സിങ്ങിന്റെ കാൽക്കൽ വീഴാൻ നിർബന്ധിച്ചു. എന്നിട്ട് അവർ എന്റെ ഫോൺ എടുത്ത് അച്ഛനെ വിളിച്ച് ഭീഷണിപ്പെടുത്തി.'
അതേസമയം, രൺവീർ സിങ്ങിന്റെ പിതാവ് ആരോപണങ്ങൾ നിഷേധിച്ചു. 'എന്റെ വളർന്നുവരുന്ന രാഷ്ട്രീയ നിലയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് വിശേഷിപ്പിച്ചു. വീഡിയോയിൽ തന്റെ മകനെ തിരിച്ചറിയാൻ കഴിയില്ലെന്നും ഫോറൻസിക് വിദഗ്ധർ ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.