ന്യൂദൽഹി- ലിംഗ നിർദിഷ്ട നിയമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ലിംഗഭേദമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ദൽഹി ഹൈക്കോടതി.ഇത്തരം നിയമങ്ങളുടെ നിലനിൽപ്പ് ഏതെങ്കിലും പ്രത്യേക ലിംഗഭേദത്തോടുള്ള പക്ഷപാതത്തിലേക്ക് നയിക്കരുതെന്ന് കോടതി വ്യക്തമാക്കി. അശ്ലീലമായ ഭാഷ ഉപയോഗിച്ച് ജീവനക്കാരിയെ അപമാനിച്ചതിന് പുരുഷനെതിരെ കുറ്റം ചുമത്തിയ വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ നിരീക്ഷണം.
ലിംഗ-നിർദ്ദിഷ്‌ട നിയമങ്ങൾ വിരുദ്ധ ലിംഗഭേദമല്ലെന്നും, മറിച്ച് പ്രത്യേക ലിംഗഭേദം അഭിമുഖീകരിക്കുന്ന സവിശേഷമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും തിരിച്ചറിയേണ്ടത് നിർണായകമാണ്. പ്രത്യേക ലിംഗഭേദം നേരിടുന്ന പ്രത്യേക ആശങ്കകൾ പരിഹരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള നിയമം മുൻ നിർത്തി എതിർലിംഗത്തിൽപ്പെട്ടവരോട് പക്ഷപാതപരമായി പെരുമാറരുത്.
ഏതൊരു നിയമനടപടിയുടെയും അടിസ്ഥാനം ലിംഗവ്യത്യാസമില്ലാതെ തന്നെ മതിയായ തെളിവുകളുടെ ലഭ്യതയിലും നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കുന്നതിലും അധിഷ്ഠിതമാണെന്ന് ജഡ്ജി പറഞ്ഞു. ലിംഗഭേദത്തിന്റെ പേരിൽ ന്യായത്തിന്റെയും നീതിയുടെയും അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ജഡ്ജി ഊന്നിപ്പറഞ്ഞു.
ഒരു നിയമനിർമ്മാണം ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വസ്തുത ജഡ്ജിയെ നിഷ്പക്ഷതയിൽ നിന്ന് ഒരു പ്രത്യേക ലിംഗത്തിലേക്ക് ചായുന്നതിലേക്ക് നയിക്കരുതെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ വ്യക്തമാക്കി. ലിംഗഭേദമില്ലാതെ എല്ലാ കക്ഷികളോടും നീതിയും തുല്യവുമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് ജുഡീഷ്യൽ നിഷ്പക്ഷത പ്രധാനമാണ്- അവർ പറഞ്ഞു.
ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ലിംഗഭേദം തമ്മിലുള്ള വൈരാഗ്യമാകരുത്. പകരം കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരാതിക്കാരനോടും പ്രതിയോടും നീതിപൂർവ്വം പെരുമാറണമെന്നും ജഡ്ജി പറഞ്ഞു.