എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് ചോദിച്ച് അവഹേളനം, അധ്യാപികക്കെതിരെ കേസ്

ന്യൂദല്‍ഹി -  വിഭജന കാലത്ത് കുടുംബം എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് ചോദിച്ച് വിദ്യാര്‍ത്ഥികളെ അവഹേളിക്കുകയും മതവിശ്വാസത്തെ ചോദ്യം ചെയ്യുകയും ചെയ്ത അധ്യാപികയ്ക്ക് എതിരെ കേസ്. ദല്‍ഹിയിലെ ഗാന്ധിനഗറിലെ സര്‍വോദയ ബാല വിദ്യാലയത്തിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് നാല് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.  വിഭജന സമയത്ത് നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോയില്ല. നിങ്ങള്‍ ഇന്ത്യയില്‍ താമസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നിങ്ങള്‍ ഒരു സംഭാവനയും നല്‍കിയില്ല എന്നിങ്ങനെ  അധ്യാപിക പറഞ്ഞെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നത്. പരാതി പരിശോധിച്ചുവരികയാണെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന അധ്യാപികയെ പിരിച്ചുവിടണമെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം.

 

Latest News