പനാജി- ബലാത്സംഗം ചെയ്തുവെന്ന വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി ഒരാളിൽ നിന്ന് പണം തട്ടിയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഗോവ പോലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിൽ നിന്നുള്ള രണ്ട് സ്ത്രീകൾക്കെതിരെ കിരൺ പട്ടേൽ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി നോർത്ത് ഗോവ പോലീസ് സൂപ്രണ്ട് നിധിൻ വൽസൻ പറഞ്ഞു. വ്യാജ ബലാത്സംഗ പരാതികൾ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രതികളെന്നാണ് സൂചനെയെന്ന് പോലീസ് വെളിപ്പെടുത്തി. ഗോവക്കാരല്ലാത്ത ഒരാൾക്കെതിരെ ആഗസ്ത് 23 ന് കോൾവാലെ പോലീസ് സ്റ്റേഷനിൽ സ്ത്രീകളിൽ ഒരാൾ ബലാത്സംഗ പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.
സ്ത്രീ ഗുജറാത്ത് സ്വദേശിയായതിനാൽ അവിടെയുള്ള പോലീസുമായി ബന്ധപ്പെട്ടപ്പോൾ വിവിധ എഫ്‌ഐആറുകളിൽ പരാതിക്കാരിയാണെന്ന വിവരം ലഭിച്ചു.അതേ സമയം തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് സ്ത്രീകൾ തന്നിൽ നിന്ന് പണം തട്ടിയതായി ഒരു ബിസിനസുകാരനിൽ നിന്ന് പരാതി ലഭിച്ചു. ഗുജറാത്തിലും ഗോവയിലും അവർ ഒന്നിലധികം എഫ്‌ഐആറുകളുണ്ടെന്ന് കണ്ടെത്തി. ബലാത്സംഗക്കേസിൽ അറസ്റ്റിലാകുമെന്ന് പറഞ്ഞ് ബിസിനസുകാരെ കൊള്ളയടിക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്ന വിവരമാണ് തുടർന്നുള്ള അന്വേഷണത്തിൽ ലഭിച്ചത്.
ഗുജറാത്തിലെ ഭാവ്‌നഗർ സ്വദേശിയായ വിശ്വദീപ് ഗോഹിൽ എന്ന കൂട്ടുപ്രതിയുടെ പേരുവിവരങ്ങൾ രണ്ട് സ്ത്രീകളും വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.പ്രതികൾ ഗോവയിലെയും ഗുജറാത്തിലെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ ബലാത്സംഗ പരാതികൾ നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി. ഈ കേസുകളുടെ വിശദാംശങ്ങൾ സ്റ്റേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.