ന്യൂദല്‍ഹി- സമ്മര്‍ ക്യാമ്പിനിടെ സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രണ്ട് ആണ്‍കുട്ടികള്‍ രംഗത്ത്. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ മാസത്തില്‍ സ്‌കൂളിലെ സമ്മര്‍ ക്യാമ്പിനിടെ ആറ് സഹപാഠികള്‍ ബലംപ്രയോഗിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ഭയം കാരണം നടന്നതൊന്നും ആരോടും പറഞ്ഞില്ല. ഇതേ സഹപാഠികള്‍ വീണ്ടും ശല്യപ്പെടുത്തിയപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും സംഭവം തുറന്നുപറഞ്ഞത്. എന്നാല്‍ നടന്നത് പുറത്തുപറയരുതെന്നാണ് അധ്യാപകര്‍ ആവശ്യപ്പെട്ടതെന്ന് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.