ഫറൂഖാബാദ്- എസ്.ഐയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് ഫറൂഖാബാദ് ജില്ലയിലെ മുൻ ബിജെപി യുവജനവിഭാഗം നേതാവ് അമിത് താക്കൂറിനെതിരെ പോലീസ് കേസെടുത്തു. വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയതിന് അമിത് താക്കൂറിനെ പദവികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷവും തുടർന്നുണ്ടായ വെടിവയ്പ്പും സംബന്ധിച്ച പരാതിയിൽ അന്വേഷണത്തിനായാണ് ഭീഷണിക്ക് വിധേയനായ എസ്ഐ സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. അമിത് താക്കൂറിനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 21 ന് രാത്രി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിവരത്തെത്തുടർന്ന് താനും ഒരു കോൺസ്റ്റബിളും ഇറ്റാവ-ബറെയ്‌ലി ഹൈവേയിലെ സെൻട്രൽ ജയിൽ ഇന്റർസെക്ഷനിലേക്ക് പോയതായി താക്കൂറിന്റെ ഭീഷണിക്ക് വിധേയനായ എസ്‌ഐ സുർജിത് കുമാർ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചതോടെ ഇരുകൂട്ടരിൽ ഒരാൾ എസ്.ഐക്കുനേരെ തിരിഞ്ഞു. ഇത് മുലായം സിംഗിന്റെ സർക്കാരല്ല, ഇത് ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാരാണ്. ഞങ്ങൾ നിങ്ങളെ തല്ലിക്കൊല്ലും- എസ്.ഐയോട് അമിത് താക്കൂർ പറഞ്ഞു.
താക്കൂറിന്റെ പെരുമാറ്റം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയതിനാൽ ഉന്നത പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് താക്കൂറിനെ സ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനിച്ചതെന്ന് ഭാരതീയ ജനതാ യുവമോർച്ച ജില്ലാ പ്രസിഡന്റ് മായങ്ക് ബുണ്ടേല പറഞ്ഞു.