Sorry, you need to enable JavaScript to visit this website.

ഈ മാര്‍ക്കറ്റില്‍ വധുവിനെ വാങ്ങാം, വില്‍ക്കാം; കന്യകമാര്‍ക്ക് റേറ്റ് കൂടും  

സോഫിയ-വധുവിനെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന മാര്‍ക്കറ്റുണ്ട്. ബള്‍ഗേറിയയിലെ സ്റ്റാറ സഗോറയാണ് ആ സ്ഥലം. ദരിദ്ര കുടുംബങ്ങളില്‍ ഉള്ളവര്‍ അവരുടെ പെണ്‍മക്കള്‍ക്ക് സാമ്പത്തികമായി ഭേദമുള്ള വിവാഹങ്ങള്‍ നടക്കുന്നതിന് വേണ്ടിയാണ് അവരെയും കൊണ്ട് ഈ മാര്‍ക്കറ്റില്‍ എത്തുന്നത്.
ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ നോമ്പിന്റെ ആദ്യ ശനിയാഴ്ചയാണ് ബള്‍ഗേറിയയിലെ സ്റ്റാറ സഗോറ പട്ടണത്തില്‍ മനോഹരമായ വസ്ത്രം ധരിച്ച്, ഒരുങ്ങി വരുന്ന യുവതികളെ കാണാന്‍ സാധിക്കുക. അവര്‍ നല്ലനല്ല വസ്ത്രങ്ങള്‍ ധരിക്കുകയും നന്നായി അണിഞ്ഞൊരുങ്ങുകയും ഒക്കെ ചെയ്യുന്നു. അവിടെ വച്ച് തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യനായ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു വരനെ കിട്ടും എന്നാണ് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നത്. പിന്നെ, നല്ല വില നല്‍കുന്നവര്‍ക്ക് വധുവായി മകളെ നല്‍കുന്നു.
പരമ്പരാഗതമായി ചെമ്പുപണിക്കാരായി ഉപജീവനം കഴിക്കുന്ന വിഭാഗത്തില്‍  പെട്ടവരാണ് ഇങ്ങനെ സ്വന്തം മക്കളെ വിവാഹം ചെയ്ത് നല്‍കുന്നത്. ജിപ്സി ജീവിതം നയിക്കുന്നവരാണ് ഇവര്‍ എന്നും പറയുന്നു. വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് അറിയപ്പെടുന്ന സമുദായമാണ് ഇത്. മാര്‍ക്കറ്റില്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന പുരുഷന്മാര്‍ ഈ യുവതികളില്‍ നിന്നും ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനായി തെരഞ്ഞെടുക്കുന്നു. വധുവിനെ തെരഞ്ഞെടുക്കുക മാത്രമല്ല, ആളുകള്‍ ഒരുമിച്ച് കൂടി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് 'ജിപ്‌സി ബ്രൈഡ് മാര്‍ക്കറ്റ്' എന്നും അറിയപ്പെടുന്നു.
സമുദായത്തിന്റെ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ മാത്രം തങ്ങളുടെ പെണ്‍മക്കള്‍ വളര്‍ന്നു എന്ന അഭിമാനത്തോടെയാണ് യുവതികളുടെ അമ്മമാര്‍ അവരെ അനു?ഗമിക്കുക. ഏകദേശം 12-14 നൂറ്റാണ്ടുകളില്‍ ബള്‍ഗേറിയയിലേക്കും കിഴക്കന്‍ യൂറോപ്പിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറിയ സമൂഹമാണ് ഇവരുടേത്. സാധാരണയായി ഗ്രാമങ്ങളില്‍ പരസ്പരം വളരെ അകലെയായിട്ടാണ് ഇവര്‍ താമസിച്ചിരുന്നത്. മാത്രമല്ല, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷ അംഗങ്ങളെ കാണാനോ പ്രണയിക്കാനോ അനുവാദവുമില്ല. മേള ദിവസം 'കന്യകകളായ' പെണ്‍കുട്ടികളെയാണ് നല്ല വിലയ്ക്ക് വാങ്ങുക. 'കന്യകകളല്ലാത്ത' പെണ്‍കുട്ടികളെ കുറഞ്ഞ വിലയ്ക്കും വാങ്ങുന്നു. പെണ്‍കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം മാത്രമേ മേളയില്‍ പുരുഷന്മാരെ കാണാന്‍ അനുവാദമുള്ളൂ. മുതിര്‍ന്നവരുടെ സാന്നിധ്യമില്ലാതെ സ്ത്രീകളും പുരുഷന്മാരും കണ്ടുമുട്ടുന്നത് അംഗീകരിക്കാത്തതിനാല്‍ തന്നെ പ്രണയവും സാധ്യമല്ല. ഏതായാലും കാലം മാറുന്നതിന് അനുസരിച്ച് ഇവരുടെ ഇടയിലും മാറ്റമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമൊക്കെ ഇന്നത്തെ യുവതീയുവാക്കള്‍ പരസ്പരം കണ്ടമുട്ടുന്നു.
 

Latest News