പാരിസ്-യുവാക്കള്‍ക്കിടയില്‍ മദ്യപാനം കുറയുന്നതിനാല്‍, അധികമുള്ള വൈന്‍ നശിപ്പിക്കാന്‍ 1780 കോടി രൂപ ചെലവിടാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍. യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റെ ഉപഭോഗശീലത്തിലുണ്ടായ വ്യത്യാസമാണ് സര്‍ക്കാരിനെ ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ മിച്ചമുള്ള വൈന്‍ നശിപ്പിക്കുന്നതിന് മുമ്പായി ഫ്രാന്‍സിന് 160 മില്യണ്‍ യൂറോ ഫണ്ട്അനുവദിച്ചിരുന്നു. മിച്ചം വരുന്ന വീഞ്ഞ് നശിപ്പിക്കാനും ഉത്പാദകരെ സഹായിക്കാനും വേണ്ടി മൊത്തം 200 ദശലക്ഷം യൂറോ ചെലവഴിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചതായിട്ടാണ് ഇപ്പോള്‍ വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാവസായികപരമായി ആല്‍ക്കഹോള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വൈന്‍ നശിപ്പിക്കുന്നത്. പിന്നീട് അതില്‍ നിന്നും ഹാന്‍ഡ് സാനിറ്റൈസര്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, പെര്‍ഫ്യൂം തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഫ്രാന്‍സില്‍ പ്രധാനമായും വൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളായ ബോര്‍ഡോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉപഭോഗ ശീലങ്ങളിലുണ്ടായിരിക്കുന്ന മാറ്റങ്ങളും ജീവിതച്ചെലവിലുണ്ടായിരിക്കുന്ന പ്രതിസന്ധിയും ഉള്‍പ്പെടെ അനവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
കോവിഡ് -19 മഹാമാരി മറ്റെല്ലാ മേഖലകളെയും എന്നതുപോലെ തന്നെ വൈന്‍ വ്യവസായത്തിന്റെ കാര്യത്തിലും ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കി. ലോകമെമ്പാടുമുള്ള റെസ്റ്റോറന്റുകളും ബാറുകളും അടച്ചതിനാല്‍ തന്നെ, വൈന്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷം ഇറ്റലിയില്‍ 7 ശതമാനവും സ്പെയിനില്‍ 10 ശതമാനവും ഫ്രാന്‍സില്‍ 15 ശതമാനവും ജര്‍മ്മനിയില്‍ 22 ശതമാനവും പോര്‍ച്ചുഗലില്‍ 34 ശതമാനവും വീഞ്ഞിന്റെ ഉപഭോഗം കുറഞ്ഞുവെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ഡാറ്റ വെളിപ്പെടുത്തുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.