ബാര്‍മര്‍- മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് രാജസ്ഥാനിലെ ബാര്‍മറില്‍ 22കാരനായ ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഖെത്‌റാം ഭിം എന്ന യുവാവണ് മരിച്ചത്. ജോലി ചെയ്തിരുന്ന വീട്ടിലെ പെണ്‍കുട്ടിയെ ഭീം പ്രണയിച്ചുവെന്നാണ് ആരോപണം. പെണ്‍കുട്ടിയോട് അടുപ്പം കാണിക്കരുതെന്ന് നേരത്തെ യുവാവിന് വീട്ടുകാര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏതാനും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിന്നുവെന്ന് ഖെത്‌റാമിന്റെ സഹോദരന്‍ ഹരിറാം പറഞ്ഞു.
ആല്‍വറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊന്ന അതേ ദിവസം തന്നെയാണ് ഈ കൊലപാതകവും നടന്നത്. സദ്ദാം ഖാന്‍, ഹയാത്ത് ഖാന്‍ എന്നിവര്‍ വെള്ളിയാഴ്ച ഖെത്‌റാമിനെ വയലിലേക്ക് വിളിച്ചു കൊണ്ടു പോകുകയും അവിടെ ഉണ്ടായിരുന്ന ഏഴോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊല്ലുകയുമായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം ലഭിച്ചത്. ശക്തിയേറിയ പ്രഹരമേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കഴുത്ത് ഞെരിക്കാനും ശ്രമിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചിലിലാണ്.