വാഷിങ്ടണ്‍- 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി പാക്കിസ്ഥാന്‍ വംശജനായ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ചിക്കാഗോ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായി ആശുപത്രിയില്‍ ജീവനോട് മല്ലിടുകയാണെന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തള്ളി. ഹെഡ്‌ലി ചിക്കാഗോ ജയിലിലോ ആശുപത്രിയിലോ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. സഹതടവകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഹെഡ്‌ലിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടത്.
ഹെഡ്‌ലി എവിടെയാണെന്ന് എനിക്ക് വെളിപ്പെടുത്താനാവില്ല. എന്നാല്‍ അദ്ദേഹം ചിക്കാഗോ ജയിലിലോ ആശുപത്രിയിലോ ഇല്ലെന്ന് ഉറപ്പിക്കാം- അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജോണ്‍ തെയിസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെഡ്‌ലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യയിലെ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ എട്ടിന് ഹെഡ്‌ലി ജയിലില്‍ ആക്രമണത്തിനിരയായി എന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ചിക്കാഗോയിലെ നോര്‍ത്ത് ഇവന്‍സ്റ്റണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇന്ത്യന്‍, അമേരിക്കന്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2009ല്‍ അറസ്റ്റിലായ ഹെഡ്‌ലിയെ 160 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ കേസില്‍ യുഎസ് കോടതി 35 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.