ജിദ്ദ - ലൈസന്‍സില്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന നിലക്ക് കാലാവസ്ഥാ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും അടങ്ങിയ പട്ടികയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഭേദഗതികള്‍ വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ സെന്റര്‍ പരസ്യപ്പെടുത്തി. നിര്‍ദിഷ്ട ഭേദഗതികള്‍ നിയമ ലംഘനങ്ങളെ ഗുരുതരമായതും അല്ലാത്തതുമായി രണ്ടു വിഭാഗമായി തരംതിരിക്കുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിനുള്ള ശിക്ഷകളില്‍ ഭേദഗതികള്‍ വരുത്തിയിട്ടില്ല. ഈ നിയമ ലംഘനത്തിനുള്ള ശിക്ഷ പത്തു വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയുമായി നിലനിര്‍ത്തിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ലൈസന്‍സും പെര്‍മിറ്റുമില്ലാതെ കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തല്‍, കാലാവസ്ഥാ നിരീക്ഷണ നിലയങ്ങളും നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്നവര്‍ സെന്ററില്‍ നിന്നുള്ളതല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമ ലംഘനത്തിന്റെ സ്വഭാവം, വലിപ്പം എന്നിവയുടെ അടിസ്ഥാനത്തിലാണ് പിഴ നിര്‍ണയിക്കുക. നിയമ വിരുദ്ധ മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചതു മൂലം സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിയമ ലംഘകനെ നിര്‍ബന്ധിക്കും.