അങ്കാറ- കടുത്ത വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീം വിട്ട മിഡ്ഫീല്‍ഡര്‍ മെസുത് ഓസിലിനെ അഭിനന്ദിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തി. ലണ്ടനില്‍ നടന്ന ഒരു പരിപാടിക്കിടെ ഉര്‍ദുഗാന്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തതായിരുന്നു ഓസിലിനെതിരായ വംശീയാക്രമണത്തിനു പിന്നില്‍. തുര്‍ക്കി വംശജനായ ഓസില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന്റെ താരമാണ്. 'കഴിഞ്ഞ ദിവസം രാത്രി ഞാന്‍ മെസുതുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയിലെ വികാരം രാജ്യസ്‌നേഹം നിറഞ്ഞതാണ്,' ഉര്‍ദുഗാന്‍ പറഞ്ഞു. ജര്‍മന്‍ ടീമിന്റെ വിജയത്തിനു വേണ്ടി ഒരുപാട് വിയര്‍പ്പൊഴുക്കിയ ഒരു യുവതാരത്തോട് ഈ തരത്തില്‍ വംശീയത കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇതു വച്ചുപൊറുപ്പിക്കാനുമാകില്ല- ഉര്‍ദുഗാന്‍ പറഞ്ഞതായി ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് ഫാഷിസമെന്ന വൈറസിനെതിരായ അതിമനോഹര ഗോളാണെന്ന് തുര്‍ക്കി മന്ത്രി അബ്ദുല്‍ഹാമിത് ഗുല്‍ പറഞ്ഞു.
മേയിലാണ് ഉര്‍ദുഗാനൊപ്പം ഓസില്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷം ജര്‍മന്‍ മാധ്യമങ്ങളും ഫുട്‌ബോള്‍ അധികാരികളും ആരാധകരും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും ഓസിലിനെതിരെ കടുത്ത വംശീയ അധിക്ഷേപമാണ് നടത്തി വന്നത്. തുര്‍ക്കിയില്‍ വേരുകളുള്ള തന്റെ കുടുംബത്തോടുള്ള ആദരവിന്റെ ഭാഗമായാണ് തുര്‍ക്കി പ്രസിഡന്റിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതെന്നും ഇതില്‍ മറ്റു രാഷ്ട്രീയമില്ലെന്നും ഓസില്‍ വ്യക്തമാക്കിയിരുന്നെങ്കിലും വംശീയ അധിക്ഷേപം അടങ്ങിയിരുന്നില്ല. ഇതിനിടെ ലോകകപ്പില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായതോടെ വിദ്വേഷ ആക്രമണത്തിനു ശക്തിയേറി. 2014 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചതടക്കം ജര്‍മന്‍ ടീമിനു വേണ്ടി താനുണ്ടാക്കിയ നേട്ടങ്ങളെ വിസ്മരിച്ച് നടത്തുന്ന ഈ വംശീയ ആക്രമണത്തിനെ മനോവേദന അദ്ദേഹത്തിന്റെ നാലു പേജു വരുന്ന വിരമിക്കല്‍ പ്രസ്താവനയില്‍ വ്യക്തമായിരുന്നു. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്ത് നിന്നും പോലും പിന്തുണ ലഭിച്ചില്ലെന്നും ഓസില്‍ വ്യക്തമാക്കിയിരുന്നു.