കൊല്‍ക്കത്ത - ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിസംബറില്‍ തന്നെ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാ ഹെലികോപ്റ്ററുകളും പ്രചാരണത്തിനായി അവര്‍ ബുക്ക് ചെയ്തിരിക്കുകയാണെന്നും മമത അവകാശപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിംഗ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി, ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ രാജ്യം ഒരു 'സ്വേച്ഛാധിപത്യ' ഭരണത്തിലമരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
തുടര്‍ച്ചയായി മൂന്നാം തവണയും ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തെ അഭിമുഖീകരിക്കും. ഡിസംബറിലോ ജനുവരിയിലോ അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
'സമുദായങ്ങള്‍ക്കിടയിലെ വിദ്വേഷം മൂര്‍ധന്യം പ്രാപിച്ച നിലയിലേക്ക് നമ്മുടെ രാജ്യത്തെ കാവി പാര്‍ട്ടി ഇതിനകം മാറ്റിയിരിക്കുന്നു. അവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് നമ്മുടെ രാജ്യത്തെ വെറുപ്പിന്റെ രാഷ്ട്രമാക്കും,' അവര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ബി.ജെ.പി ഇതിനകം തന്നെ എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തിട്ടുണ്ട്, അതിനാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രചാരണത്തിനായി അവ ഉപയോഗിക്കാന്‍ കഴിയില്ല- മമത പറഞ്ഞു.
സംസ്ഥാനത്ത് നടന്ന അനധികൃത പടക്ക ഫാക്ടറി സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'കുറച്ച് പോലീസുകാരുടെ പിന്തുണയോടെയാണ്' ഇത് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു.