ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത് അന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ജമ്മുകശ്മീരില്‍നിന്നുള്ള സഹൂര്‍ അഹമ്മദ് ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായാണോ സസ്‌പെന്‍ഡ് ചെയ്തതെന്ന് അന്വേഷിക്കാനാണ് സുപ്രിം കോടതി ഉത്തരവിട്ടത്.
അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ഇക്കാര്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോടു ചോദിച്ചറിയണമെന്ന് കോടതി നിര്‍ദേശിച്ചു.
ജമ്മുകശ്മീര്‍ വിദ്യാഭ്യാസ വകുപ്പിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് സഹൂര്‍ അഹമ്മദ് ഭട്ട്. അദ്ദേഹം കഴിഞ്ഞ ബുധനാഴ്ചയാണ് കോടതിയില്‍ ഹാജരായത്. അനുച്ഛേദം 370 റദ്ദാക്കിയതോടെ പൊളിറ്റിക്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാണെന്നും കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവുന്നില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ നടപടി രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയുടെ ഔന്നത്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചട്ടലംഘനം ആരോപിച്ച് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സംഭവം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെ ചീഫ് ജസ്റ്റിസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.