Sorry, you need to enable JavaScript to visit this website.

സൗദി റോഡുകൾ മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാർ ശ്രദ്ധിക്കുക, പിഴ കാത്തിരിക്കുന്നു

ജിദ്ദ-സൗദി അറേബ്യയിലെ റോഡുകളിലൂടെ അലക്ഷ്യമായി നടക്കുന്നവരെയും നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെയും കാത്തിരിക്കുന്നത് പിഴ. സീബ്ര ലൈനുകൾ ഇല്ലാത്ത, തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുന്നവർക്ക് ആയിരം റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുടെ ഇഖാമ(താമസരേഖ)വാങ്ങി ഫോട്ടോ എടുത്താണ് പിഴ ചുമത്തുന്നത്. പിഴ പിന്നീട് അബ്ഷിറിൽ അപ്‌ഡേറ്റ് ചെയ്യും. ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുടെ പേരിൽ പിഴ ചുമത്തുമെന്ന് ഏതാനും മാസം മുമ്പ് അധികൃതർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഇത് നടപ്പാക്കി തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽനട യാത്രക്കാരിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. 
സൗദിയിൽ വിവിധ തരം നിയമലംഘനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം വിവിധ വകുപ്പുകൾ പുറത്തുവിട്ടിരുന്നു. വസ്ത്രങ്ങൾ അലക്കാനിട്ടും വീട്ടുപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടും കെട്ടിടങ്ങളുടെ ബാൽക്കണികൾ വൃത്തികേടാക്കിയാൽ കെട്ടിടയുടമക്ക് 200 റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. ബാൽക്കണികളിൽ കെട്ടിടത്തിന്റെ ഭംഗിക്ക് നിരക്കാത്ത വിധത്തിൽ ഹാംഗറുകളോ മറ്റു വസ്തുക്കളോ വെക്കരുത്. റോഡിന് അഭിമുഖമായുള്ള കെട്ടിടങ്ങളുടെ പ്രധാന സൗന്ദര്യഭാഗങ്ങളിലൊന്നാണ് ബാൽക്കണി. അതിനാൽ ഇവ വൃത്തിയായി സൂക്ഷിക്കണം.
റോഡ് സൈഡിലുള്ള കെട്ടിടങ്ങൾ നിർമാണങ്ങൾ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് മറച്ചുകെട്ടിയിട്ടുണ്ടെങ്കിലും വ്യവസ്ഥയിലധികം ഉയരം പാടില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക വഴിയൊരുക്കണം. കെട്ടിടത്തിന്റെ മുൻഭാഗം മെയിൻ റോഡിന്റെ ഭാഗത്തേക്കാണെങ്കിൽ നിശ്ചിത അകലം പാലിക്കണം. കെട്ടിടത്തിന്റെ മുൻഭാഗത്ത് വിള്ളലുകൾ ഉണ്ടാകാൻ പാടില്ല. മുൻഭാഗത്ത് ഇലക്ട്രിക് കാബിളുകൾ തൂങ്ങി നിൽക്കരുത്. സാറ്റലൈറ്റ് ഉപകരണങ്ങൾ ബാൽക്കണിയിലോ കെട്ടിടത്തിന്റെ മുൻഭാഗങ്ങളിലോ സ്ഥാപിക്കരുത്. കെട്ടിടത്തിന്റെ പരിധിക്ക് പുറത്ത് കുടകളോ ഹാംഗറുകളോ പാടില്ല. ഇതിനെല്ലാം 200 റിയാൽ മുതൽ 10000 റിയാൽ വരെ പിഴകളാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ ഗുരുതരം, ഗുരുതരമല്ലാത്തത് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതുക്കിയ പട്ടികയിലുള്ളത്. മനുഷ്യന്റെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ പൊതുജനാരോഗ്യത്തിനോ ദോഷം വരുത്തുന്നവയാണ് ഗുരുതരമായ നിയമലംഘനങ്ങൾ. ലംഘനത്തിന്റെ തരവും ആവർത്തനത്തിന്റെ വ്യാപ്തിയും അനുസരിച്ചാണ് ലംഘനങ്ങൾക്കുള്ള പിഴകൾ കണക്കാക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും നഗര സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനും വ്യാപാര സ്ഥാപനങ്ങൾ വിപണിയിൽ നിലനിൽക്കാനും മന്ത്രാലയം പുറത്തുവിട്ട പുതുക്കിയ പിഴപ്പട്ടിക മലയാളം ന്യൂസിന് ലഭിച്ചു.
ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചാൽ പതിനായിരം മുതൽ അമ്പതിനായിരം റിയാൽ വരെയാണ് പിഴ. ബലദിയെ ലൈസൻസ് പുതുക്കാതെ സ്ഥാപനം പ്രവർത്തിച്ചാൽ ആയിരം മുതൽ അയ്യായിരം റിയാൽ വരെ പിഴ. ലൈസൻസ് കാണുന്ന വിധത്തിൽ പ്രദർശിപ്പിച്ചില്ലെങ്കിലും ക്യു ആർ കോഡ് സ്റ്റിക്കർ വെച്ചില്ലെങ്കിലും പിഴ ലഭിക്കും. കെട്ടിടത്തിന്റെ മുൻഭാഗത്ത് സ്റ്റിക്കറുകൾ പതിക്കൽ നിയമവിരുദ്ധമാണ്. നിലത്തിന് വിള്ളലുകൾ ഉണ്ടാവുക. വ്യാപാര സ്ഥാപനങ്ങളിലെ ടോയ്‌ലെറ്റുകൾ വൃത്തിഹീനമാവുക, കൈ കഴുകാൻ സോപ്പ് വെക്കാതിരിക്കുക. കൈകൾ ഉണക്കാനുള്ള സൗകര്യം ഇല്ലാതിരിക്കുക, സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, പൊതു ആരോഗ്യത്തെ ബാധിക്കുന്ന മേഖലയിൽ ജീവനക്കാർക്ക് വൃത്തിയില്ലാതിരിക്കുക, മാസ്‌ക്, കയ്യുറ ധരിക്കാതിരിക്കുക, ജീവനക്കാർ മൂക്കും വായയും തൊടുക, തുപ്പുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക, കാഷ്യറുടെ മേശപ്പുറത്ത് വിൽപന വസ്തുക്കൾ വെക്കുക, കടകൾക്ക് മുന്നിലെ പൊതുപാർക്കിംഗ് സ്ഥലത്ത് നോ പാർക്കിംഗ് ബോർഡുകൾ വെക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കടയുടമ പിഴയടക്കേണ്ടിവരും. മാലിന്യ നിക്ഷേപ കണ്ടെയ്‌നറുകൾ സ്ഥലം മാറ്റിയ വ്യക്തി ആയിരം റിയാൽ വരെ പിഴയും ചുമരുകളിൽ എഴുതുന്നവർ നൂറു റിയാൽ പിഴയും അടക്കണം. ഉപയോഗ ശൂന്യമായ വാഹനം റോഡിൽ 20 ദിവസത്തിലധികം ഉപേക്ഷിച്ചാൽ 500 റിയാലാണ് പിഴ. അനുമതിയില്ലാതെ റോഡുകളിൽ കുഴിച്ചാൽ കോൺട്രാക്ടർക്ക് അയ്യായിരം റിയാൽ പിഴ ലഭിക്കും. അനുമതിയില്ലാതെ റോഡുകളിൽ ഹമ്പ് സ്ഥാപിച്ചാൽ പതിനായിരം റിയാൽ വരെ പിഴ ലഭിക്കും. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News