Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ 11-ാമത് പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിങ് തുടങ്ങി. 85,000 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാലു ലക്ഷത്തോളം പോലീസും 3.71 ലക്ഷത്തോളം സൈനികരും രാജ്യത്തുടനീളം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 10.6 കോടി വോട്ടര്‍മാരാണ് പാക്കിസ്ഥാനിലുള്ളത്. ദേശീയ, പ്രവിശ്യാ അസംബ്ലികളിലേക്കായി 12,570 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. 

ഇംറാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയും നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസും തമ്മിലാണ് പ്രധാന മത്സരം. നവാസിന്റെ സഹോദരന്‍ ഷഹബാസ് ശരീഫിന്റെ നേതൃത്വത്തിലാണ് പി.എം.എല്‍-എന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിലാവല്‍ ഭുട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടി കിങ്‌മേക്കറാകുമെന്നും പ്രവചിക്കപ്പെടുന്നു.

നാല് പ്രവിശ്യാ അസംബ്ലികളിലേക്കും ദേശീയ അസംബ്ലിയിലേക്കും ഒരുമിച്ചാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ 371 സീറ്റുകളുണ്ട്. ഇവയില്‍ 297 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്. 66 സീറ്റ് സ്ത്രീകള്‍ക്കും എട്ടു സീറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ചെയതതാണ്. സിന്ധ് പ്രവിശ്യയിലെ 168 സീറ്റില്‍ 130 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 29 സീറ്റ് സ്ത്രീകള്‍ക്കും ഒമ്പത് സീറ്റ് ന്യൂനപക്ഷത്തിനു സംവരണം ചെയ്തതാണ്. ഖൈബര്‍ പഖ്തുങ്ക്വ പ്രവിശ്യയിലെ 124 സീറ്റുകളില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത് 99 സീറ്റുകളില്‍. 22 സീറ്റ് സ്ത്രീകള്‍ക്കും മൂന്ന് സീറ്റ് ന്യൂനപക്ഷത്തിനും സംവരണം ചെയ്തതാണ്. ബലൂചിസ്ഥാനിലെ 65 സീറ്റില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത് 51 സീറ്റുകളില്‍. 11 സീറ്റുകള്‍ സ്ത്രീകള്‍ക്കും മൂന്ന് സീറ്റ് ന്യൂനപക്ഷത്തിനും സംവരണം ചെയ്തതാണ്.

ദേശീയ അസംബ്ലിയിലെ 272 ജനറല്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ 141, സിന്ധില്‍ 61, ഖൈബര്‍ പഖ്തൂങ്ക്വയില്‍ 39, ബലൂചിസ്ഥാനില്‍ 16-ഉം ദേശീയ അസംബ്ലി സീറ്റുകളാണ് ഉള്ളത്. ഇവ കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ എഫ്.എ.ടി.എയില്‍ 12 സീറ്റും ഇസ്ലാമാബാദ് തലസ്ഥാന മേഖലയില്‍ മൂന്ന് സീറ്റും ഉണ്ട്.
 

Latest News