ലഖ്നൗ- ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് കേസ് വാദത്തിനിടെ അവസാന നിമിഷം വഴിത്തിരിവിൽ. വാദം പൂർത്തിയായപ്പോൾ കേസിലെ തുടർ നടപടികൾ അലഹബാദ് ഹൈക്കോടതിയുടെ പുതിയ ബെഞ്ചിലേക്ക് മാറ്റി. തിങ്കളാഴ്ച പ്രഖ്യാപിക്കാനിരുന്ന വിധിക്കായി കേസ് മാറ്റിവെച്ചിരുന്നുവെങ്കിലും ഈ മാറ്റത്തിന് വിശദീകരണം നൽകാതെ അപ്രതീക്ഷിതമായി അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഷെഡ്യൂൾ ചെയ്യുകയായിരുന്നു.
കേസ് മാറ്റുന്നതിൽ മുസ്ലീം കക്ഷികൾ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഇത് നിയമപരമായ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.വിധി പ്രഖ്യാപിക്കുന്നതിനായി കേസ് ലിസ്റ്റ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെന്ന് മുസ്ലീം കക്ഷികളെ പ്രതിനിധീകരിച്ച് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് സിംഗിൾ ജഡ്ജിയിൽ നിന്ന് പുതിയ ബെഞ്ചിലേക്ക് മാറ്റാൻ നിർദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനൊന്നാം മണിക്കൂറിൽ ബെഞ്ച് മാറ്റുന്നത് ചീഫ് ജസ്റ്റിസിന്റെ അധികാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോ നിർമിച്ചതെന്നറിയാൻ സർവേ നടത്തുന്നതിന് അലഹബാദ് ഹൈക്കോടതി എഎസ്ഐയെ അനുവദിച്ചതിനെ തുടർന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ ശാസ്ത്രീയ സർവേ ആരംഭിച്ചത്.