ലഖ്നൗ- മുസഫർനഗറിലെ സ്‌കൂളിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ തല്ലിച്ചതച്ച മുസ്ലിം വിദ്യർത്ഥിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയതിന് ആൾട്ട് ന്യൂസ് വസ്തുതാ പരിശോധന വെബ്‌സൈറ്റിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ യുപി പോലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വിദ്യാർത്ഥികളുടെയും അധ്യാപികയുടെയും മുഖമാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതിന് ശേഷമാണ് പോലീസ് നടപടിയെടുത്തതെന്ന് സുബൈർ പറഞ്ഞു. കുട്ടിയുടെ പിതാവിനോടും സംസാരിച്ചിട്ടുണ്ടെന്നും പോലീസിൽ പരാതി നൽകി വിഷയം കൂടുതുൽ വിവാദമാക്കാൻ പിതാവ് ആഗ്രഹിച്ചിരുന്നില്ലെന്നും കഴിഞ്ഞ 25 ന് പങ്കിട്ട പോസ്റ്റിൽ സുബൈർ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
ആൺകുട്ടി ആരാണെന്ന് വെളിപ്പെടുത്തരുതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) , ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ നേരത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വീഡിയോ ആദ്യം പുറത്തുവന്നപ്പോൾ പലരും ടീച്ചറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. . ഇപ്പോൾ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം പോസ്റ്റുകൾ ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
കുട്ടിയുടെ മൊഴിയുടെയും പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.