ന്യൂദൽഹി- മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിന് പിന്നിൽ വർഗീയ ലക്ഷ്യമില്ലെന്ന് ഉത്തർപ്രദേശ് അധ്യാപിക ത്രിപ്ത ത്യാഗി. എന്നാൽ താൻ തെറ്റ് ചെയ്തുവെന്നും വീഡിയോ സന്ദേശത്തിലൂടെ അവർ പറഞ്ഞു. കൂപ്പുകൈകളോടെയാണ് വീഡിയോ വഴി അവർ ആവർത്തിച്ചാവർത്തിച്ച് തെറ്റുപറ്റിയതായി പറഞ്ഞത്. ഞാൻ ഒരു തെറ്റ് ചെയ്തു, പക്ഷേ ഹിന്ദു-മുസ്ലിം വിഭാഗീയത ഉദ്ദേശിച്ചിരുന്നില്ല. കുട്ടികൾ അവരുടെ ഗൃഹപാഠം ചെയ്യുന്നത് ഉറപ്പാക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
താൻ വികലാംഗയാണ്. എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല, അതിനാൽ ഞാൻ കുറച്ച് കുട്ടികളോട് അവനെ രണ്ട് തവണ അടിക്കാൻ ആവശ്യപ്പെട്ടു. അതുവഴി അവൻ പഠിക്കുമെന്നാണ് ഞാൻ കരുതിയത്. ഹിന്ദു-മുസ്ലിം പ്രശ്നം സൃഷ്ടിക്കാൻ തന്റെ വീഡിയോ വ്യാജമായി പ്രചരിപ്പിക്കുകയാണ്. തെറ്റ് ചെയ്തുവെന്ന് ഞാൻ കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. പക്ഷേ എന്റെ മനസ്സിൽ ഹിന്ദു-മുസ്ലിം വേർതിരിവ് ഇല്ലായിരുന്നു. പല മുസ്ലീം വിദ്യാർത്ഥികളുടെയും മാതാപിതാക്കൾക്ക് സ്‌കൂൾ ഫീസ് താങ്ങാൻ കഴിയില്ല. ഞാൻ അവരെ സൗജന്യമായി പഠിപ്പിക്കുന്നു. മുസ്ലീങ്ങളെ പീഡിപ്പിക്കാൻ എനിക്ക് ഉദ്ദേശ്യമില്ല.
മർദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസുകളിൽ ഇവർക്ക് ഉടൻ ജാമ്യം ലഭിക്കും. നിസാര വകുപ്പുകളാണ് ചേർത്തിട്ടുള്ളത്.
സ്‌കൂൾ അടച്ചിട്ടിരിക്കുകയാണെന്നും വിദ്യാർത്ഥികളെ അടുത്തുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം താൻ വളരെ അസ്വസ്ഥനായിരുന്നുവെന്നും രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടി മെച്ചപ്പെട്ട നിലയിലാണെന്ന് പിതാവ് പറഞ്ഞു.