പട്‌ന- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ൽ അല്ലെന്നും ജയപ്രകാശ് നാരായൺ ആരംഭിച്ച സമ്പൂർണ വിപ്ലവത്തിന്’ ശേഷം 11977ൽ പുതിയ സർക്കാർ രൂപീകരിച്ചപ്പോഴാണ് ഇന്ത്യ സ്വതന്ത്രയായതെന്നും ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി അവകാശപ്പെട്ടു.
രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ ബ്രിട്ടീഷുകാർ രാജ്യം വിട്ട് പുതിയ ബ്രിട്ടീഷുകാർക്ക് ചുമതല നൽകിയതിനാൽ ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ജയപ്രകാശ് നാരായൺ ആരംഭിച്ച സമ്പൂർണ ക്രാന്തി (സമ്പൂർണ വിപ്ലവം)ക്ക് ശേഷം 1977 ൽ പുതിയ സർക്കാർ രൂപീകരിച്ചപ്പോഴാണ് സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചത്- പട്‌നയിൽ ഗോസ്വാമി തുളസീദാസിന്റെ ജന്മദിനത്തിൽ അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചൗധരി പറഞ്ഞു.
ബ്രാഹ്മണർ മുൻകാലങ്ങളിൽ ശ്രേഷ്ഠരായിരുന്നു, ഭാവിയിലും അവർ ശ്രേഷ്ഠരായി തുടരും. നമ്മൾ രാമന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും പിൻഗാമികളാണ്. നിതീഷ് കുമാറിനെ ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം മാത്രമെ എന്റെ തലപ്പാവ് നീക്കുകയുള്ളൂവെന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയൽ സംസ്ഥാനമായ ഉത്തർപ്രദേശ് വികസനത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഉത്തർപ്രദേശിന്റെ വാർഷിക ബജറ്റ് ബിഹാറിനെ അപേക്ഷിച്ച് 14 മടങ്ങ് കൂടുതലാണ്. യുപിയുടെ ബജറ്റ് 42 ലക്ഷം കോടി രൂപയാണെങ്കിൽ ബിഹാറിന്റെ വാർഷിക ബജറ്റ് വെറും 2.61 ലക്ഷം കോടി രൂപയാണ്- അദ്ദേഹം പറഞ്ഞു.