കൊച്ചി - വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പറക്കാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ വെച്ച് തിരിച്ചുവിളിച്ചു. വിമാനത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനം പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തില്‍ രണ്ട് പേരെ അന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരുടെ ലഗേജ് ഉള്‍പ്പടെ വിമാനം പൂര്‍ണമായും പരിശോധിച്ചു. ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകി വിമാനം ബംഗളൂരിലേക്ക് പുറപ്പെട്ടു.