ന്യൂദൽഹി- മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ലൈംഗീക പീഡന പരാതി നൽകിയ യുവതിയുടെ സഹോദരനെ ആൾക്കൂട്ടം അടിച്ചുകൊന്ന കേസിലെ എട്ടു പ്രതികളെ പോലീസ് പിടികൂടി. 2019-ൽ പരാതി നൽകിയ ദലിത് യുവതിയുടെ 18-കാരനായ സഹോദരനെയാണ് അക്രമികൾ അടിച്ചുകൊന്ന കേസിലെ പ്രതികളാണ് പോലീസ് പിടിയിലായത്. അക്രമികളിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദ്ദിച്ച സംഘം സഹോദരിയെയും ക്രൂരമായി വേട്ടയാടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് സഞ്ജീവ് ഉയ്‌കെ അറിയിച്ചു.
ലൈംഗീക പീഡന പരാതി പിൻവലിക്കാൻ ചിലർ സമ്മർദം ചെലുത്തിയെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇരയായ 18കാരിയുടെ സഹോദരി ആരോപിച്ചു.
'അവർ അവനെ ഒരുപാട് മർദ്ദിച്ചു. അവന് അതിജീവിക്കാൻ കഴിഞ്ഞില്ല. എന്നെ വിവസ്ത്രയാക്കി. പോലീസ് എത്തിയാണ് എനിക്ക് തുണി നൽകിയത്. ഒരു സാരി കിട്ടുന്നത് വരെ ഞാൻ പോലീസുകാർ നൽകിയ തുണി ധരിച്ചുനിന്നു.
ജനക്കൂട്ടം തങ്ങളുടെ വീട് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതായി അവർ പറഞ്ഞു. വീടിന്റെ മേൽക്കൂരയും നശിപ്പിച്ചു. ഒരു മകനെ കൊന്ന ശേഷം തന്റെ മറ്റു രണ്ടു ആൺമക്കൾ എവിടെ എന്ന് അന്വേഷിച്ച് അക്രമികൾ മറ്റൊരു വീട്ടിലേക്ക് പോയി. ആക്രമികൾ തന്റെ വീട്ടിലേക്കും അതിക്രമിച്ചുകയറുകയും ഭർത്താവിനെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇരയുടെ അമ്മായി പറഞ്ഞു. ''അവർ എന്റെ മക്കളെയും ഭർത്താവിനെയും കൊല്ലുമായിരുന്നു. അവർ ഞങ്ങളുടെ ഫ്രിഡ്ജ് പോലും പരിശോധിച്ചു,'' അവൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
2019--ലാണ് പെൺകുട്ടി നാലുപേർക്കെതിരെ പോലീസിൽ പീഡന പരാതി നൽകിയത്. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിരന്തരമായ ഭീഷണി ഉണ്ടായിരുന്നു.
സംഭവം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ രാഷ്ട്രീയ സംഘർഷത്തിന് കാരണമായി, പ്രതിപക്ഷമായ കോൺഗ്രസും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ചു. വേഗത്തിലുള്ള നടപടി സ്വീകരിച്ചതായി ഭരണപക്ഷം പറഞ്ഞു. മധ്യപ്രദേശിൽ ദളിത്, ഗോത്രവർഗ പീഡനങ്ങൾ നിർബാധം തുടരുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ദലിതർക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്നും സംസ്ഥാനത്തെ ദളിത് അതിക്രമങ്ങളുടെ പരീക്ഷണശാലയാക്കി ബി.ജെ.പി മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇരയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ആവശ്യപ്പെട്ടു. പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശ് മന്ത്രി ഭൂപേന്ദ്ര സിംഗ് ആരോപണം നിഷേധിച്ചു, തർക്കത്തിന്റെ ഫലമായാണ് കുറ്റകൃത്യം നടന്നതെന്ന് അവകാശപ്പെട്ടു. സംഭവത്തെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.