പാരീസ്-ഫ്രാൻസിൽ പുതിയ സ്കൂൾ വർഷം ആരംഭിക്കുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ അബായ നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ വേഷം നോക്കി മതം തിരിച്ചറിയാൻ പാടില്ലെന്ന് മന്ത്രി ഗബ്രിയേൽ അറ്റൽ ടിഎഫ് വൺ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹിജാബിനു നേരത്തെ നിരോധമുണ്ടെങ്കിലും അബായ ഇതുവരെ പൂർണമായി നിരോധിച്ചിരുന്നില്ല. വലതുപക്ഷ, തീവ്ര വിഭാഗങ്ങൾ ഫ്രാൻസിൽ അബായക്കും ഹിജാബിനുമെതിരെ നേരത്തെ തന്നെ രംഗത്തുണ്ട്. ഫ്രഞ്ച് സ്കൂളുകളിൽ അബായ തുടരുന്നത് സംബന്ധിച്ച് മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് തീരുമാനം. ഫ്രാൻസിൽ മുസ്ലിം ജനസംഖ്യ ഉയരുന്നതു കണക്കിലെടുത്ത് അധികൃതർ നിയന്ത്രണങ്ങളും ശക്തമാക്കി വരികയാണ്. വലിയ കുരിശുകളും ജൂത കിപ്പകളും മുസ്ലിം ഹിജാബും നിലവലിൽ ഫ്രഞ്ച് സ്കൂളുകളിൽ അനുവദിക്കുന്നില്ല.