മുംബൈ-പാന്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചാരണത്തിലുള്ളത്. ഉപയോഗം തുടരാനായി പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30നാണ് അവസാനിച്ചത്. ഇതിന് ശേഷം പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായവര്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു.
ആദായ നികുതി, ബാങ്ക് സേവനങ്ങള്‍ എന്നിങ്ങനെ സാധാരണയായി ചെയ്യാവുന്ന പല കാര്യങ്ങളിലും തടസം നേരിടാന്‍ ഇത് വഴിവെയ്ക്കും. എന്നാല്‍ ശമ്പളം കൃത്യമായി അക്കൗണ്ടിലെത്താന്‍ പ്രവര്‍ത്തനരഹിതമായ പാന്‍കാര്‍ഡ് തടസ്സമാകുമോ എന്ന ചോദ്യമുയര്‍ത്തുന്നവരുണ്ട്. പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാണെങ്കിലും ശമ്പളം അക്കൗണ്ടിലെത്തുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ബാങ്കിംഗ് സേവനങ്ങള്‍ക്ക് ചിലപ്പോള്‍ അധികസമയവും ബുദ്ധിമുട്ടുകളും നേരിടുമെങ്കിലും ഇക്കാരണം കൊണ്ട് ശമ്പളം തടസ്സപ്പെടാന്‍ വഴിയില്ല.
അതേസമയം പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴ കൂടാതെ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 നാണ് അവസാനിച്ചത് . പ്രവര്‍ത്തനരഹിതമായ പാന്‍ ഉള്ള വ്യക്തികള്‍ക്കും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും നികുതി അടയ്ക്കാനും സാധിച്ചിരുന്നു. എന്നാല്‍ ഐ.ടി.ആര്‍, ആധാര്‍ ഒ.ടി.പി ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയില്ല.