ന്യൂദല്‍ഹി- 40 വര്‍ഷത്തിന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ 'ചരിത്രപരം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമീപകാല ഗ്രീസ് സന്ദര്‍ശനം സുപ്രധാന ബിസിനസ അജണ്ട മുന്നില്‍കണ്ടാണെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 25 വെള്ളിയാഴ്ച ഏഥന്‍സില്‍ മോഡി ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി കൂടിക്കാഴ്ച നടത്തി.
ഗ്രീസിലെ ഏറ്റവും വലിയ തുറമുഖമായ പിറേയസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രെക്സിറ്റിനു ശേഷമുള്ള ബദല്‍ കയറ്റുമതി റൂട്ടുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ച് ഏകദിന സന്ദര്‍ശന വേളയില്‍ ഇന്ത്യ ചര്‍ച്ച ചെയ്തതായി ഒരു വാര്‍ത്താ റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ 'യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഗേറ്റ്വേ' ആയി സ്വയം സ്ഥാപിക്കാനാണ് ഏഥന്‍സ് ലക്ഷ്യമിടുന്നത്.
'40 വര്‍ഷത്തിനിടെ ആദ്യമായി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗ്രീസ് സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചു. ഒരു ബിസിനസ് തലത്തില്‍ ഇത് 2022 അവസാനം വരെ ഫോര്‍ബ്സ് പട്ടിക പ്രകാരം രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കാണ് ഗുണം ചെയ്യുക. ബിസിനസ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. ''വിവരങ്ങള്‍ അനുസരിച്ച്, അദാനി ഗ്രൂപ്പിന്റെ തലവന്‍ ഗ്രീക്ക് തുറമുഖങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നു, പ്രധാനമായും കവാല തുറമുഖത്തും രണ്ടാമതായി വോലോസിന്റേതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അദാനിയുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രി മോഡിയും മറ്റ് ഇന്ത്യന്‍ വ്യവസായികളും ഗ്രീസിന് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമാകാമെന്ന് ആവര്‍ത്തിക്കുന്നു. ഈജിയനില്‍ ഒരു തുറമുഖം ഏറ്റെടുക്കുന്നത് ഈ ദിശയില്‍ സഹായകമാവുമെന്നാണ് അദാനിയുടെ പ്രതീക്ഷയെന്നും പത്രം പറയുന്നു.