ന്യൂദല്‍ഹി- ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലിരുന്ന കാലത്ത് വികസന പദ്ധതികള്‍ക്കായി '40 ശതമാനം കമ്മീഷന്‍' എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം കര്‍ണാടക കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിക്കെതിരെ വലിയ പ്രചാരണം നടത്തിയിരുന്നു.
സിവില്‍ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് 25-30% വെട്ടിക്കുറയ്ക്കാന്‍ കരാറുകാര്‍ സമ്മതിക്കണമെന്നും പോസ്റ്റ് വര്‍ക്ക് ബില്ലുകള്‍ക്ക് 5-6% നല്‍കണമെന്നും കത്തില്‍ അസോസിയേഷന്‍ അവകാശപ്പെട്ടിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കരാറുകാര്‍ക്ക് അനുകൂലമാണെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ഏകാംഗ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.