മുംബൈ - ബസുമതി അരി കയറ്റുമതിയില്‍ ഇന്ത്യ ടണ്ണിന് 1,200 ഡോളര്‍ മിനിമം കയറ്റുമതി വില (എംഇപി) ചുമത്തിയതായി സര്‍ക്കാര്‍ അറിയിച്ചു, ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ നിര്‍ണായകമായ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക വിലകള്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചുങ്കം ഏര്‍പ്പെടുത്തിയത്.
ജൂലൈയില്‍ ഇന്ത്യ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിക്കുകയും വെള്ളിയാഴ്ച ഭാഗികമായി വേവിച്ച അരിയുടെ കയറ്റുമതിക്ക് 20% തീരുവ ചുമത്തുകയും ചെയ്തു.
എന്നാല്‍ നിരോധത്തിന് ശേഷം, കയറ്റുമതി നിയന്ത്രണം മറികടക്കാന്‍ ചില വ്യാപാരികള്‍ ബസുമതി ഇതര വെള്ള അരിയെ, ബസുമതിയായി തരംതിരിക്കുകയാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബസുമതി ഇതര അരി, ബസുമതി അരിയായി കയറ്റുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് എംഇപി ഏര്‍പ്പെടുത്തിയത്.
ഇറാന്‍, ഇറാഖ്, യെമന്‍, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏകദേശം നാല് ദശലക്ഷം മെട്രിക് ടണ്‍ ബസുമതി അരിയാണ് ഇന്ത്യ കയറ്റിയയക്കുന്നത്.