തിരുവനന്തപുരം - ഓണക്കിറ്റ് വിതരണം നൂറ് ശതമാനവും പൂർത്തിയാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. അവസാനത്തെ ആളും വാങ്ങുന്നതുവരെ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ് തീർന്നുപോയാൽ വാങ്ങാനെത്തുന്നവരുടെ ഫോൺനമ്പർ വാങ്ങി അവരുടെ വീട്ടിലെത്തിക്കും. ഓണക്കിറ്റ് വിതരണം ഇന്നും നാളെയുമായി പൂർത്തിയാക്കുമെന്നും ഇ പോസ് തകരാർ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് ലക്ഷത്തോളം കിറ്റുകൾ ഇന്നലെത്തന്നെ എത്തിച്ചിട്ടുണ്ട്. നാളത്തോടുകൂടി വിതരണം പൂര്ത്തിയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും പായസം മിക്‌സും കറിപ്പൊടികളും എത്താത്തത് വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കി. തുടർന്ന് ക്ഷാമം ഉള്ള വസ്തുക്കൾ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് മറ്റ് ബ്രാൻഡുകൾ വാങ്ങാൻ നിർദേശിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇത്തവണ എല്ലാ റേഷൻ കാർഡുകൾക്കും കിറ്റ് ഇല്ലെങ്കിലും 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നല്‌കേണ്ടത്. ഇതിൽ ഇന്നലെ രാത്രിവരെ 63000 പേർക്കാണ് കിറ്റ് നൽകാനായതെന്നാണ് കണക്ക്. ബാക്കിയുള്ളവർക്ക് ഇന്ന് ഉച്ചയോടെ അതത് റേഷൻ കടകളിൽ കിറ്റ് എത്തിക്കാനുള്ള ധൃതിപടിച്ച നീക്കമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. തീ പൊള്ളുന്ന വിലയിൽ ഓണക്കിറ്റ് കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ്.