കത്വ- ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സ്കൂളിലെ ബ്ലാക്ക് ബോർഡിൽ ജയ് ശ്രീറാം എന്നെഴുതിയതിന് ശിക്ഷിച്ചുവെന്ന് ആരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ പോലീസ് കേസെടുത്തു.
ബ്ലാക്ക് ബോർഡിൽ ജയ് ശ്രീറാം എന്ന് എഴുതിയതിന് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ശാരീരിക ശിക്ഷ നൽകിയതിനാലാണ് ബാനി പ്രദേശത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ചതവുകളും ആന്തരിക മുറിവുകളുമുള്ള കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഹാഫിസ്, ലക്ചറർ ഫാറൂഖ് അഹമ്മദ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാനി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. രണ്ടുപേരെയും അറസ്റ്റ് ചെയ്യാൻ പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന് ബാനി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അർജുൻ മഗോത്ര അറിയിച്ചു.