ലഖ്നൗ- ഉത്തർപ്രദേശിൽ മകന്റെ ഭാര്യയെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കാൻ സ്ത്രീ ഭർത്താവിനെ കൊലപ്പെടുത്തി. വീടിന് പുറത്തുള്ള കട്ടിലിൽ ഉറങ്ങുകയായിരുന്ന ഭർത്താവിനെ കോടാലി ഉപയോഗിച്ച് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.യു.പിയിലെ ബദൗണിലാണ് സംഭവം.
ഓഗസ്റ്റ് 14 നാണ് 43 കാരനായ തേജേന്ദർ സിംഗ് കൊല്ലപ്പെട്ടത്. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബം ആദ്യം അവകാശപ്പെട്ടത്. എന്നാൽ, പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ 40കാരിയായ ഭാര്യ മിഥിലേഷ് ദേവി കഴുത്തറുത്തതായി കണ്ടെത്തി. സ്ത്രീ ആദ്യം മൊഴികൾ മാറ്റിക്കൊണ്ടിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചതായി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഭർത്താവ് തന്നെ മർദിക്കുകയും 19 വയസ്സായ മരുമകളെ കൂടെ കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മിഥിലേഷ് ദേവി പോലീസിനോട് പറഞ്ഞു. എന്നാൽ, മരുമകളുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് സ്ത്രീ സംശയിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തിനു കാരണമെന്നും ബദൗൺ സീനിയർ പോലീസ് സൂപ്രണ്ട് ഡോ.ഒ.പി.സിംഗ് പറഞ്ഞു.