മുസഫർനഗർ- ഉത്തർപ്രദേശിലെ മുസഫർനഗറിൽ സ്‌കൂളിലെ മുസ്ലി സഹപാഠിയെ തല്ലാൻ ക്ലാസ് മുറിയിൽ കുട്ടികളോട് നിർദ്ദേശിച്ച സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക. താൻ കുട്ടിയെ അച്ചടക്കം പഠിപ്പിക്കാൻ ശ്രമിച്ചതാണെന്നും കുട്ടിയുടെ അമ്മാവനാണ് തന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു. താൻ വികലാംഗയായതിനാലാണ് വിദ്യാർത്ഥികളോട് അവനെ തല്ലാൻ ആവശ്യപ്പെട്ടതെന്നും അധ്യാപിക ത്രിപ്ത ത്യാഗി ആജ് തക്കിനോട് പറഞ്ു.
വിദ്യാർത്ഥി മാസങ്ങളായി രു പാഠം മനഃപാഠമാക്കിയിരുന്നില്ല. അതിനാൽ, അവനെ ശിക്ഷിക്കേണ്ടി വന്നു. എനിക്ക് വൈകല്യമുണ്ട്, അതിനാൽ ചില വിദ്യാർത്ഥികളെ തല്ലാൻ പ്രേരിപ്പിച്ചു. അങ്ങനെ ചെയ്താൽ അവൻ അവന്റെ ഗൃഹപാഠം ചെയ്യാൻ തുടങ്ങും. അവന്റെ അമ്മാവനാണ് എന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്- അധ്യാപിക പറഞ്ഞു.
സ്കൂളിൽ ഹിന്ദു-മുസ്ലിം വിവേചനമില്ലെന്നും ഗ്രാമത്തിൽ വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള ആളുകളുണ്ടെന്നും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും കുട്ടിയോട് തനിക്ക് ഒരു വിരോധവുമില്ലെന്നും അവർ അവകാശപ്പെട്ടു. മുസഫർനഗറിലെ സ്വകാര്യ സ്‌കൂൾ അധ്യാപിക ക്ലാസ് മുറിക്കുള്ളിൽ മുസ്ലീം ബാലനെ വിദ്യാർത്ഥികളെ കൊണ്ട് തല്ലിക്കുന്ന വീഡിയോ ശനിയാഴ്ചയാണ് പുറത്തുവന്നത്.അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മകനെ സ്‌കൂളിൽ നിന്ന് മാറ്റാൻ സ്‌കൂൾ അധികൃതരുമായി ധാരണയിലെത്തിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. ധാരണ പ്രകാരം താൻ പോലീസിൽ പരാതി നൽകില്ലെന്നും മകന്റെ അഡ്മിഷൻ ഫീസ് സ്‌കൂൾ തിരികെ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.
വീഡിയോ വൈറലായതിനെ തുടർന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച് സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്വേഷത്തിന്റെ ഇതേ എണ്ണയാണ് ബി ജെ പി രാജ്യം മുഴുവൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.