മുസഫർനഗർ- സ്‌കൂൾ അധ്യാപികയുടെ നിർദ്ദേശപ്രകാരം മുസ്ലിം വിദ്യാർഥിയെ സഹപാഠികൾ തല്ലിയ സംഭവത്തിൽ ഒത്തതീർപ്പിനായി വിദ്യാർഥിയുടെ കുടുംബത്തിൽ സമ്മർദം തുടരുന്നു. മുസ്ലിം വിദ്യാർഥിയുടെ വിശ്വാസത്തെ പരാമർശിക്കുകയും "മുഹമ്മദൻ കുട്ടികളെ" കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പല കോണുകളിൽനിന്നും ഒത്തുതീർപ്പിനായി കുടുംബത്തെ സന്ദർശിച്ചിരുന്നു.
കുട്ടിയുടേയും കുടുംബത്തിന്റേയും ഭാവിയെക്കുറിച്ച് തനിക്ക് ഭയവും ആശങ്കയുമാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. താമസിക്കുന്ന മുസാഫർനഗർ ഗ്രാമത്തിൽ ആശങ്കയോടെയാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ കേസെടുക്കാതിരിക്കാൻ കുടുംബത്തിന്മേൽ സമ്മർദ്ദം വർദ്ധിക്കുകയാണ്. അടുത്തുള്ള ഗ്രാമത്തലവനും കർഷക നേതാവുമായ നരേഷ് ടിക്കായത്തും അവരെ ഒരു ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കുന്നുണ്ട്.
അതേസമയം, കുട്ടികളോട് സഹപാഠിയെ അടിക്കാൻ പറയുന്ന അധ്യാപിക ത്രിപ്ത ത്യാഗി (60)ക്കെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.